ന്യൂഡൽഹി: വിമാനത്തിനുള്ളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭിക്കുന്നതിനുള്ള മൂന്ന് റീചാർജ് പ്ലാനുകൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ. 499, 699, 999 രൂപ വിലയുള്ള മൂന്ന് ഇൻ-ഫ്ളൈറ്റ് കണക്റ്റിവിറ്റി പായ്ക്കുകളാണ് കമ്പനി അവതരിപ്പിച്ചത്. ഇതുസംബന്ധിച്ച് 22 അന്താരാഷ്ട്ര വിമാനക്കമ്പനികളുമായി റിലയന്‍സ് ജിയോ കരാറിലെത്തി. മൂന്ന് പ്ലാനുകൾക്കും ഒരുദിവസത്തെ വാലിഡിറ്റിയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്.
250 എംബി മൊബൈൽ ഡേറ്റ,100 എസ്എംഎസ്, 100 മിനിറ്റ് ഔട്ട്ഗോയിങ്ങ് കോളുകൾ എന്നിവയടങ്ങിതയാണ് 499 രൂപയുടെ പ്ലാൻ. 500 എംബി മൊബൈൽ ഡേറ്റ, 100 എസ്എംഎസ്, 100 മിനിറ്റ് ഔട്ട്ഗോയിങ് കോളുകൾ എന്നിവയടങ്ങിയതാണ് 699 രൂപയുടെ പ്ലാൻ. 999 രൂപയുടെ പ്ലാനിൽ 1 ജിബി മൊബൈൽ ഡേറ്റ, 100 എസ്എംഎസ്, 100 മിനിറ്റ് ഔട്ട്ഗോയിങ് കോളുകളും ലഭിക്കും.
എയർ ലിംഗസ്, എയർ സെർബിയ, അലിറ്റാലിയ, ഏഷ്യാന എയർലൈൻസ്, ബിമാൻ ബംഗ്ലാദേശ് എയർലൈൻസ്, കാതേ പസഫിക്, ഈജിപ്ത് എയർ, എമിറേറ്റ്സ്, ഇത്തിഹാദ് എയർവേയ്സ്, യൂറോ വിങ്സ്, ഇവിഎ എയർ, കുവൈറ്റ് എയർവേയ്സ്, ലുഫ്താൻസ, മലേഷ്യ എയർലൈൻസ്, മാലിൻഡോ എയർ, എസ്എഎസ് സ്കാൻഡിനേവിയൻ എയർലൈൻസ്, സിംഗപ്പൂർ എയർലൈൻസ്, സ്വിസ്, ടിഎപി എയർ പോർച്ചുഗൽ, ടർക്കിഷ് എയർലൈൻസ്, ഉസ്ബെക്കിസ്ഥാൻ എയർവേസ്, വിർജിൻ അറ്റ്ലാന്റിക് തുടങ്ങിവ 22 എയർലൈനുമായാണ് ജിയോ ധാരണയിലെത്തിയത്.