ഇന്ത്യയിൽ ഒ.ടി.ടി യുദ്ധം; നെറ്റ്​ഫ്ലിക്സിനെ വെല്ലാൻ പ്ലാൻ നിരക്ക്​ കുറച്ച്​ ഹോട്​സ്റ്റാർ

ഇന്ത്യയിൽ നിന്ന്​ കൂടുതൽ വരിക്കാരെ സ്വന്തമാക്കാനായി നെറ്റ്​ഫ്ലിക്സ്​ കഴിഞ്ഞ ദിവസമായിരുന്നു അവരുടെ സബ്​സ്ക്രിപ്​ഷൻ പ്ലാനുകളിൽ വലിയ കുറവ്​ വരുത്തിയത്​. അതിൽ തന്നെ ഏറ്റവും ജനപ്രീതി നേടിയത്​ 149 രൂപയുടെ പുതിയ മൊബൈൽ ഒൺലി പ്ലാനായിരുന്നു. ആമസോൺ പ്രൈം അവരുടെ പ്ലാനുകളിൽ 50 ശതമാനത്തോളം വർധനവ്​ വരുത്തിയ സമയത്തായിരുന്നു നെറ്റ്​ഫ്ലിക്സിന്‍റെ അപ്രതീക്ഷിത നീക്കം.

എന്നാലിപ്പോൾ, നെറ്റ്​ഫ്ലിക്സിനെ വെല്ലാൻ കിടിലൻ സബ്​സ്ക്രിപ്​ഷൻ പ്ലാനുമായി എത്തിയിരിക്കുകയാണ്​ ഡിസ്നി പ്ലസ്​ ഹോട്​സ്റ്റാർ. 99 രൂപയ്ക്കാണ്​ ഹോട്​സ്റ്റാർ മൊബൈൽ-ഒൺലി പ്ലാൻ നൽകുക. 499 രൂപയുടെ വാർഷിക പ്ലാനിലൂടെ ലഭിക്കുന്ന എല്ലാ സേവനങ്ങളും 99 രൂപയുടെ പ്ലാനിലും ലഭ്യമാകും. കൂടാതെ, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ, Paytm, PhonePe അല്ലെങ്കിൽ മറ്റേതെങ്കിലും UPI ഉപയോഗിച്ച് പണമടയ്ക്കുന്ന ഉപഭോക്താക്കൾക്ക് 50 ശതമാനം കിഴിവും ലഭിക്കും. അതോടെ പുതിയ ഹോട്ട്‌സ്റ്റാർ മൊബൈൽ-ഒൺലി പ്ലാൻ പ്രതിമാസം 49 രൂപ മാത്രമായി കുറയുകയും ചെയ്യും.

Disney+ Hotstar ഈ വർഷം ആദ്യം ഉപഭോക്താക്കൾക്കായി മൂന്ന് പുതിയ പ്ലാനുകൾ ചേർത്തു, അതിൽ 899 രൂപയുടെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സൂപ്പർ പ്ലാൻ, 1,499/ വർഷം ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ പ്രീമിയം പ്ലാൻ, 499 രൂപ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ പ്ലാൻ എന്നിവ ഉൾപ്പെടുന്നു. കമ്പനി അവരുടെ 399 രൂപയുടെ ഹോട്ട്‌സ്റ്റാർ വിഐപി പ്ലാൻ നീക്കം ചെയ്തുകൊണ്ടാണ്​ 499 രൂപയുടെ പുതിയ പ്ലാൻ അവതരിപ്പിച്ചത്​.