പാറ്റ്‌ന: റെയില്‍വേ പരീക്ഷക്കെതിരെ ബിഹാറില്‍ വിദ്യാര്‍ഥികളുടെ കനത്ത പ്രതിഷേധം. അക്രമസാക്തരായ പ്രതിഷേധക്കാര്‍ ട്രെയിനിന് തീവെച്ചു. ശക്തമായ കല്ലേറുമുണ്ടായി. റിപ്പബ്ലിക് ദിനത്തിലാണ് സംഭവവികാസമെന്നത് നാണക്കേടായി.
ഗയയിലാണ് ട്രെയിനിന് തീവെച്ചത്. ശക്തമായ പോലീസ് സാന്നിധ്യമുണ്ടായിരുന്നെങ്കിലും പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ റെയില്‍വേ ട്രാക്കില്‍ കടന്ന് വസ്തുവകകള്‍ നശിപ്പിച്ചു. സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. നിരവധി ട്രെയിനുകള്‍ ആക്രമിച്ചിട്ടുണ്ട്. ഇത് ട്രെയിന്‍ സര്‍വീസിനെ സാരമായി ബാധിച്ചു.
ആര്‍ ആര്‍ ബിയുടെ എന്‍ ടി പി സി- 21 പരീക്ഷയില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം. രണ്ടാം ഘട്ട പരീക്ഷയില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. വിജ്ഞാപന സമയത്ത് ഒറ്റ പരീക്ഷ മാത്രമാണ് പ്രഖ്യാപിച്ചതെന്നും റെയില്‍വേ തങ്ങളുടെ ഭാവി പന്താടുകയുമാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പരീക്ഷ റെയില്‍വേ റദ്ദാക്കി.