ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റർ എന്നിവക്ക് ഇന്ത്യയിൽ നിരോധനമെന്ന് സൂചന; നാളെ നിർണായക ദിനം

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂടി നിരോധിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായി ഏർപ്പെടുത്തിയ മാർഗനിർദേശം അനുസരിക്കാത്ത സാഹചര്യത്തിലാണ് ഈ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങുന്നത്

മെയ് 25 വരെയാണ് മാർഗനിർദേശങ്ങൾ അനുസരിക്കാൻ നൽകിയിരുന്ന സമയപരിധി. വാട്‌സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളൊന്നും നിർദേശങ്ങൾ പാലിക്കാൻ തയ്യാറായിട്ടില്ല. ഇതോടെയാണ് നാളെ മുതൽ ഇവക്ക് വിലക്കേർപ്പെടുത്തുമെന്ന ആശങ്ക ഉയരുന്നത്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയിൽ നിന്ന് കംപ്ലയിൻസ് ഓഫീസർമാരെ നിയമിക്കണമെന്നതായിരുന്നു കേന്ദ്രത്തിന്റെ നിർദേശങ്ങളിലൊന്ന്. ഈ ഉദ്യോഗസ്ഥർക്ക് പോസ്റ്റുകളും മറ്റും നിരീക്ഷിക്കുകയും വേണ്ടി വന്നാൽ നീക്കം ചെയ്യാനുമുള്ള അധികാരം നൽകിയിരുന്നു.