ഗുസ്തിതാരം സാഗർ റാണയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഒളിമ്പിക് ഗുസ്തി മെഡൽ ജേതാവ് സുശീൽ കുമാറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഡൽഹി പോലീസ്. സുശീൽ കുമാറിന് ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു.
സാഗർ റാണക്കൊപ്പം മർദനമേറ്റ സോനു മഹൽ ഉത്തരേന്ത്യയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് സന്ദീപ് കാലയുടെ അടുത്ത ബന്ധുവാണ്. സോനുവിനെ മർദിക്കുന്നതിന് സുശീലിന് കൊടുംകുറ്റവാളിയായ നീരജ് ബവാനയുടെ സംഘത്തിന്റെ പിന്തുണയുണ്ടായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച കാർ ബവാനയുടെ ബന്ധുവിന്റേതാണെന്നും പോലീസ് സ്ഥിരീകരിച്ചു
ബവാനയെ കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് അഞ്ച് ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 4നാണ് ഡൽഹി ഛത്രസാൽ സ്റ്റേഡിയത്തിൽ വെച്ച് സാഗർ റാണയെയും രണ്ട് സുഹൃത്തുക്കളെയും സുശീൽകുമാറും കൂട്ടാളികളും ചേർന്ന് മർദിച്ചത്. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സാഗർ ചികിത്സക്കിടെ മരിച്ചു. ഒളിവിൽ പോയ സുശീൽ കുമാറിനെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്.