തിരുവനന്തപുരം: തുടര്‍ച്ചയായ ആറാം ദിവസവും കേരളത്തിലെ പ്രതിദിന കോവിഡ് മരണസംഖ്യ മൂന്നക്കം കടന്നു. 24 മണിക്കൂറിനിടെ 196 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്.
കഴിഞ്ഞ അഞ്ച് ദിവസങ്ങളിലും കേരളത്തിലെ പ്രതിദിന മരണം 100 കടന്നിരുന്നു. 19-ാം തീയതി 112 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെങ്കില്‍ തൊട്ടടുത്ത ദിവസം ഇത് 128 ആയി ഉയര്‍ന്നിരുന്നു. 21-ാം തീയതി 142 പേരും 22-ാം തീയതി 176 പേരും കോവിഡ് ബാധിച്ച് മരിച്ചു. 23ന് 188 മരണങ്ങളാണ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചരുടെ എണ്ണം 7500 കടന്നു. 7554 പേരാണ് കേരളത്തില്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. അനൗദ്യോഗികമായ കണക്കുകള്‍ പ്രകാരം കേരളത്തിലെ മരണ സംഖ്യ ഇതിനും മുകളിലാണെന്നാണ് വിലയിരുത്തല്‍. മരണസംഖ്യ കുറയാന്‍ സമയമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.