രാജ്യത്തെ ഓക്‌സിജൻ ക്ഷാമത്തിൽ ഇടപെട്ട് സുപ്രീം കോടതി. ജനങ്ങൾ ഓക്‌സിജനായി പരക്കം പായുകയാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ വേദാന്ത പ്ലാന്റിൽ തമിഴ്‌നാട് സർക്കാരിനായി ഓക്‌സിജൻ നിർമിക്കാൻ കഴിയുമോയെന്നും സുപ്രീം കോടതി ചോദിച്ചു
തൂത്തുക്കുടിയിലെ വേദാന്ത പ്ലാന്റ് പ്രവർത്തന സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പ്ലാന്റ് ആരംഭിച്ചാൽ അത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്ന് തമിഴ്‌നാട് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ഇതോടെയാണ് പ്ലാന്റിൽ ഓക്‌സിജൻ നിർമിച്ചുകൂടേയെന്ന് സുപ്രീം കോടതി ചോദിച്ചത്.
രാജ്യത്തെ ജനങ്ങൾ ഓക്‌സിജനായി പരക്കം പായുകയാണ്. അപ്പോഴാണ് ഓക്‌സിജൻ നിർമിക്കുന്ന പ്ലാന്റ് അടച്ചിട്ടിരിക്കുന്നത്. ആര് ഓക്‌സിജൻ ഉത്പാദിപ്പിക്കുമെന്നതല്ല പ്രശ്‌നം. അത് ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് അനിവാര്യമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു