പ്രാണവായു ഇല്ലാതെ രാജ്യം; ഇന്ത്യക്ക് ഓക്‌സിജൻ എത്തിക്കാൻ തയ്യാറെന്ന് റഷ്യയും ചൈനയും

കൊവിഡ് രോഗികൾക്ക് ആവശ്യമായ ഓക്‌സിജൻ ഇല്ലാതെ രാജ്യം ഗുരുതര പ്രതിസന്ധി നേരിടുമ്പോൾ സഹായവാഗ്ദാനവുമായി അന്താരാഷ്ട്ര സമൂഹം. ഇന്ത്യക്ക് ഓക്‌സിജൻ എത്തിക്കാൻ തയ്യാറാണെന്ന് റഷ്യയും ചൈനയും സിംഗപ്പൂരും അറിയിച്ചു. ഓക്‌സിജനും കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നായ റെംഡെസിവറും നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു

15 ദിവസത്തിനുള്ളിൽ ഇതിന്റെ ഇറക്കുമതി ആരംഭിക്കും. ആഴ്ചയിൽ നാല് ലക്ഷം വരെ റംഡെസിവർ നൽകാനാണ് റഷ്യയുടെ നീക്കം. കപ്പൽ വഴി ഓക്‌സിജൻ എത്തിക്കുന്നത് സംബന്ധിച്ചും ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടക്കുന്നുണ്ട്.

കൊവിഡ് സാഹചര്യം നിയന്ത്രണവിധേയമാക്കാൻ സഹായങ്ങൾ ലഭ്യമാക്കാൻ തയ്യാറാണെന്ന് ചൈനയും അറിയിച്ചു. സിംഗപ്പൂർ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഓക്‌സിജൻ ഇറക്കുമതി നടത്താനാണ് ഇന്ത്യ ആലോചിക്കുന്നത്. ചൈനയുടെ വാഗ്ദാനത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല

രാജ്യതലസ്ഥാനമായ ഡൽഹിയാണ് ഓക്‌സിജനില്ലാതെ കൂടുതൽ രൂക്ഷതയനുഭവിക്കുന്നത്. ഗംഗറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 രോഗികൾ മരിച്ചതായും അറുപതോളം രോഗികൾ ഗുരുതരാവസ്ഥയിലായതായും റിപ്പോർട്ടുകൾ വന്നിരുന്നു.