മോഡിയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത് 6 കോടി പേര്‍; ലോകനേതാക്കളില്‍ മൂന്നാം സ്ഥാനത്ത്

ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ആറുകോടിയായി ഉയര്‍ന്നു. രാജ്യത്ത് ട്വിറ്ററില്‍ ഏറ്റവും പേര്‍ ഫോളോ ചെയ്യുന്നതും പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടിനെയാണ്. ലോക നേതാക്കളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള ട്വിറ്റര്‍ അക്കൗണ്ടുകളില്‍ മൂന്നാം സ്ഥാനത്താണ് മോഡി.

ട്വിറ്റര്‍ ഫോളോവേഴ്‌സ് ഒന്നാം സ്ഥാനംമുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കാണ്. 12.07 കോടി പേരാണ് ഒബാമയെ പിന്തുടരുന്നത്. രണ്ടാം സ്ഥാനംഅമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് -8.3 കോടി ഫോളോവേഴ്‌സ്.

2009ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോഡി ട്വിറ്റര്‍ ഉപയോഗിച്ചു തുടങ്ങിയത്. കഴിഞ്ഞ സെപ്തംബറില്‍ ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണം അഞ്ചു കോടിയിലെത്തി.

ലോക നേതാക്കളും ഇന്ത്യയിലെ രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക മേഖലകളിലെ പ്രമുഖരും ഉള്‍പ്പെടെ 2354 പേരെ മോഡിയും ഫോളോ ചെയ്യുന്നുണ്ട്. കേരളത്തില്‍ നിന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍, മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരന്‍, ഓ. രാജഗോപാല്‍, ഒളിമ്പ്യന്‍ പി.ടി. ഉഷ എന്നിവര്‍ ഇതിലുള്‍പ്പെടുന്നു