ഡൽഹി: അഫ്ഗാനിസ്താനിലെ സാഹചര്യം ചർച്ച ചെയ്യാൻ അടിയന്തിര യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകിട്ട് ഡൽഹിയിലായിരുന്നു ഉന്നതതല യോഗം നടന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിർമല സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വിഷയവുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളുമായി ഇന്ത്യ ചർച്ച നടത്തുമെന്ന് സർക്കാർ അറിയിച്ചു. അഫ്ഗാനിസ്താനിൽ പാകിസ്താൻ ഇപ്പോൾ കാണിക്കുന്ന താൽപര്യവും യോഗം വിലയിരുത്തി. നയതന്ത്ര നടപടികൾ സ്വീകരിക്കുന്നതിനായി അഫ്ഗാനിസ്താനിലെ പുതിയ നീക്കങ്ങൾ കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ.
അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്ത സാഹചര്യത്തിൽ കാബൂളിലെ ഇന്ത്യൻ എംബസിയിൽ നിന്നും ജീവനക്കാരെ ഇന്ന് ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. നിലവിൽ എംബസി ഓഫീസ് പൂർണമായും അടച്ചിട്ടില്ല. ഇനിയും 1650ഓളം പേർ ഇന്ത്യയിലേക്ക് തിരിച്ചുവരാൻ കാത്തിരിക്കുന്നുണ്ടെന്നാണ് വിവരം.