പോക്കോ എം4 പ്രോ 5ജി ഇന്ത്യന്‍ വിപണിയില്‍

 

പോക്കോ എം4 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. കഴിഞ്ഞ വര്‍ഷം ജൂണില്‍ രാജ്യത്ത് അവതരിപ്പിച്ച പോക്കോ എം3 പ്രോ 5ജിയുടെ പിന്‍ഗാമിയാണ് പോക്കോ എം4 പ്രോ 5ജി. ഒക്ടാ കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 810 എസ്ഒസി ചിപ്പ്‌സെറ്റുമായിട്ടാണ് ഫോണ്‍ വരുന്നത്. 33ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട്, 90എച്ച്ഇസെഡ് ഡിസ്പ്ലേ, 50 മെഗാപിക്‌സല്‍ പ്രൈമറി കാമറ തുടങ്ങിയ സവിശേഷതകളും ഫോണിലുണ്ട്.

പോക്കോ എം4 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണില്‍ 6.6 ഇഞ്ച് ഫുള്‍ എച്ച്ഡി+എല്‍സിഡി ഡിസ്‌പ്ലെയാണുള്ളത്. ഈ ഡിസ്‌പ്ലെയുടെ നടുവില്‍ സെല്‍ഫി കാമറയ്ക്കായുള്ള ഒരു പഞ്ച് ഹോളും നല്‍കിയിട്ടുണ്ട്. 240എച്ച്ഇസെഡ് ടച്ച് സാമ്പിള്‍ റേറ്റാണ് ഡിസ്‌പ്ലെയില്‍ ഉള്ളത്. 8 ജിബി വരെ റാം ഈ ഡിവൈസില്‍ ഉണ്ട്. കൂടുതല്‍ റാം ആവശ്യമായി വരുന്ന അവസരങ്ങളില്‍ ഉപയോഗിക്കാവുന്ന ഡൈനാമിക് റാം എക്‌സ്പാന്‍ഷന്‍ ഫീച്ചറും ഈ ഡിവൈസിന്റെ സവിശേഷതയാണ്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് 8 ജിബി വരെയും ടര്‍ബോ റാം ഉപയോഗിച്ച് 11 ജിബി വരെയും എക്‌സ്പാന്‍ഷന്‍ ഓപ്ഷന്‍ ലഭിക്കും.

പോക്കോ എം4 പ്രോ 5ജി ഫോണിലെ ഓണ്‍ബോര്‍ഡ് സ്റ്റോറേജ് 128 ജിബി ആണ്. ഇത് 1 ടിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാന്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുണ്ട്. രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കില്ല എന്നതാണ് ഈ ഡിവൈസിന്റെ സിം കാര്‍ഡ് സ്ലോട്ടിന്റെ പോരായ്മ. 33ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5000എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിരിക്കുന്നത്. ഇത് ദിവസം മുഴുവന്‍ ഉപയോഗിക്കാനും വേഗത്തില്‍ ചാര്‍ജ് ചെയ്യാനും സാധിക്കും.

പോക്കോ എം4 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയാണ് വില. 6 ജിബി + 128 ജിബി വേരിയന്റിന് 16,999 രൂപ വിലയുണ്ട്. ഈ ഡിവൈസിന്റെ ടോപ്പ് എന്‍ഡ് മോഡലായ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയാണ് വില. ഈ സ്മാര്‍ട്ട്‌ഫോണ്‍ കൂള്‍ ബ്ലൂ, പോക്കോ യെല്ലോ, പവര്‍ ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാകും. ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് 12 മണി മുതലാണ് പോക്കോ എം4 പ്രോ 5ജിയുടെ വില്‍പ്പന ആരംഭിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ട് വഴി നടക്കുന്ന സെയിലില്‍ ഈ സ്മാര്‍ട്ട്‌ഫോണിന് ആകര്‍ഷകമായ ഓഫറുകളും ലഭിക്കും.