കെ റെയിൽ പദ്ധതിക്കെതിരെ എടുത്തു ചാടേണ്ടതില്ലെന്ന് ശശി തരൂർ എംപി; പദ്ധതിക്ക് രണ്ട് വശമുണ്ട്

 

കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ എടുത്തു ചാടേണ്ടതില്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ. അതേസമയം തന്റെ നിലപാട് വ്യക്തിപരമാണെന്നും തരൂർ പറഞ്ഞു. പദ്ധതിക്ക് രണ്ട് വശമുണ്ട്. ഇക്കാര്യത്തിൽ സുതാര്യമായ ചർച്ചയാണ് ആവശ്യം. പദ്ധതിയെ കുറിച്ച് പഠിക്കാതെ എതിർക്കാനില്ല

പദ്ധതിയെ കുറിച്ച് പഠിക്കാൻ കൂടുതൽ സമയം വേണമെന്നാണ് തന്റെ നിലപാട്. പദ്ധതിക്കെതിരായ പ്രതിപക്ഷ നിവേദനത്തിൽ തരൂർ ഒപ്പിട്ടിരുന്നില്ല. നിവേദനത്തിൽ ഒപ്പിടാത്തതിന് കാരണം പദ്ധതിയെ അനുകൂലിക്കുന്നത് കൊണ്ടാണെന്ന് വ്യാഖ്യാനിക്കേണ്ട. സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും തരൂർ പറഞ്ഞു

പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടാണ് 18 യുഡിഎഫ് എംപിമാർ നിവേദനം ഒപ്പിട്ട് നൽകിയത്. റെയിൽവേ മന്ത്രിമാരുമായി ഇവർ കൂടിക്കാഴ്ച നടത്തും. കേരളത്തിന്റെ അഭിമാന വികസന പ്രവർത്തനമായി സംസ്ഥാന സർക്കാർ വിശേഷിപ്പിക്കുന്ന പദ്ധതിയുമായി കേന്ദ്രസർക്കാർ സഹകരിക്കരുതെന്നും യുഡിഎഫ് എംപിമാർ നരേന്ദ്രമോദി സർക്കാരിനോട് ആവശ്യപ്പെടും.