വിനിയോഗിക്കാത്ത വൈദ്യുതി സ്വന്തം ഉപഭോക്താക്കളുടെ ആവശ്യത്തിന് ഉപയോഗിക്കണം; ഉയര്‍ന്ന വിലയ്ക്ക് വിൽക്കരുത്: കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: ചില സംസ്ഥാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാതെ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം. ഈ സംസ്ഥാനങ്ങള്‍ പവര്‍ എക്‌സ്‌ചേഞ്ച് വഴി ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വില്‍ക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

വൈദ്യുതി വിതരണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച്‌, കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ (CGS) 15% വൈദ്യുതി ‘അണ്‍ അലോക്കേറ്റഡ് പവര്‍‘ ആയി സൂക്ഷിക്കുന്നു. ഇത് ആവശ്യമുള്ള സംസ്ഥാനങ്ങളിലെ ഉപഭോക്താക്കളുടെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കും. ഉപഭോക്താക്കള്‍ക്ക് വൈദ്യുതിയെത്തിക്കാനുള്ള ഉത്തരവാദിത്തം വിതരണ കമ്പനികള്‍ക്കാണ്. വിതരണ കമ്പനികള്‍ സ്വന്തം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം ചെയ്യാതിരിക്കുകയും പവര്‍ എക്‌സ്‌ചേഞ്ച് വഴി ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വില്‍ക്കുകയും ചെയ്യരുത്.

ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിനായി ‘അണ്‍ അലോക്കേറ്റഡ് പവര്‍’ ഉപയോഗിക്കാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അധിക വൈദ്യുതി ഉണ്ടെങ്കില്‍, ആവശ്യമുള്ള സംസ്ഥാനങ്ങളിലേക്ക് പുനര്‍വിന്യസിക്കാന്‍ കഴിയുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാരിന് വിവരം നല്‍കാനും സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഏതെങ്കിലും സംസ്ഥാനം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാതെ ഉയര്‍ന്ന നിരക്കില്‍ പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ വൈദ്യുതി വില്‍ക്കുന്നുവെന്ന് കണ്ടെത്തിയാല്‍, അത്തരം സംസ്ഥാനങ്ങളുടെ ‘അണ്‍ അലോക്കേറ്റഡ് പവര്‍’ പിന്‍വലിക്കുകയും മറ്റ് ആവശ്യമുള്ള സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുകയും ചെയ്യും.