സ്വന്തമായി നിർമിച്ച ഹെലികോപ്റ്ററിന്റെ പരീക്ഷണ പറക്കലിനിടെ യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്ര ഫുൽസാവംഗി എന്ന ഗ്രാമത്തിലെ ഷെയ്ഖ് ഇസ്മായിൽ ഷെയ്ഖ് ഇബ്രാഹിം എന്ന 24കാരനാണ് മരിച്ചത്. അവസാനവട്ട പരീക്ഷണ പറക്കലിനിടെ ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് യുവാവിന്റെ കഴുത്തിൽ തുളച്ചുകയറുകയായിരുന്നു
എട്ടാം ക്ലാസിൽ പഠനം നിർത്തിയ വ്യക്തിയാണ് ഇസ്മായിൽ. തന്റെ ഗ്രാമത്തിന് പ്രശസ്തി ലഭിക്കാനായാണ് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് യുവാവിന് തോന്നിയത്. സഹോദരന്റെ ഗ്യാസ് വെൽഡിംഗ് കടയിലായിരുന്നു ഇയാളുടെ ജോലി. യൂട്യൂബ് വീഡിയോകൾ കണ്ടാണ് ഹെലികോപ്റ്റർ നിർമാണം പഠിച്ചത്. രണ്ട് വർഷത്തോളമെടുത്താണ് ഹെലികോപ്റ്റർ ഇയാൾ നിർമിച്ചത്.
സ്റ്റീൽ പൈപ്പുകൾ വെൽഡ് ചെയ്താണ് ബോഡി നിർമിച്ചത്. മാരുതി 800ന്റെ ആയിരുന്നു എൻജിൻ. മുന്ന ഹെലികോപ്റ്റർ എന്നാണ് തന്റെ വാഹനത്തിന് പേരും നൽകിയത്. സ്വാതന്ത്ര്യ ദിനത്തിൽ കന്നി പറക്കലും തീരുമാനിച്ചു. എൻജിൻ ഓൺ ചെയ്ത് അവസാനഘട്ട പരീക്ഷണ പറക്കലിന് തയ്യാറെടുക്കുന്നതിനിടെ പിൻവശത്തെ റോട്ടർ ബ്ലേഡ് പൊട്ടി മുകളിലെ വലിയ റോട്ടർ ബ്ലോഡിൽ പതിക്കുകയും നേരെ ഇസ്മായിലിന്റെ കഴുത്തിൽ തറച്ചുകയറുകയും ചെയ്യുകയായിരുന്നു.