ഡോളർ കടത്ത് കേസ്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബഹളം; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

 

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള ആരംഭിച്ചതു മുതൽ പ്രതിപക്ഷം മുദ്രവാക്യം വിളികളുമായി പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു

മുഖ്യമന്ത്രിയുടെ രാജി ആവശ്യമുയർത്തി പ്രതിപക്ഷം സഭയിൽ ബാനർ ഉയർത്തി. എന്നാൽ സഭയിൽ ബാനർ ഉയർത്തുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കർ പറഞ്ഞു. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. പ്രതിപക്ഷ നേതാവിന് ഡൽഹിയിൽ പോകാനുള്ളതു കൊണ്ടാണ് സഭ ബഹിഷ്‌കരിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പരിഹസിച്ചു

കഴിഞ്ഞ ദിവസവും വിഷയത്തിൽ പ്രതിപക്ഷം സഭയിൽ ബഹളം വെച്ചിരുന്നു. ഡോളർ കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കെതിരെ നൽകിയ മൊഴി ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കഴിഞ്ഞ ദിവസം പ്രതിപക്ഷം സഭയ്ക്ക് മുന്നിൽ പ്രതീകാത്മകമായി നിയമസഭ ചേർന്നിരുന്നു.