ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയിൽ പ്രവർത്തിച്ച് അഫ്ഗാൻ ജയിലിൽ കഴിയുന്ന നാല് മലയാളി വനിതകളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരാൻ സാധ്യത മങ്ങുന്നു. സോണിയ സെബാസ്റ്റിയൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അഫ്ഗാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു.
കൊല്ലപ്പെട്ട ഐ എസ് തീവ്രവാദികളുടെ ഭാര്യമാരാണ് ഇവർ. 2016-18 കാലത്താണ് ഇവർ തീവ്രവാദത്തിനായി അഫ്ഗാനിസ്ഥാനിലെത്തിയത്. 2019 ഡിസംബറിലാണ് സോണിയ, മെറിൻ, നിമിഷ, റഫീല എന്നിവർ കീഴടങ്ങുന്നത്. തുടർന്ന് ജയിലിൽ കഴിയുകയായിരുന്നു.
അഫ്ഗാൻ ജയിലിൽ ഐഎസ് തീവ്രവാദികളായ നാല് ഇന്ത്യക്കാരും 16 ചൈനക്കാരും 299 പാക്കിസ്ഥാനികളുമുണ്ട്. തടവുകാരെ അതാത് രാജ്യങ്ങളിലേക്ക് മടക്കി കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് 13 രാജ്യങ്ങളുമായി അഫ്ഗാൻ ചർച്ച നടത്തിയിരുന്നു. എന്നാൽ ഇന്ത്യൻ സർക്കാർ ഇതിനോട് പ്രതികരിച്ചിട്ടില്ല
നാല് വനിതാ തീവ്രവാദികളെയും തിരികെ കൊണ്ടുവരുന്നതിൽ കേന്ദ്ര ഏജൻസികൾക്കിടയിൽ ഭിന്നതയുണ്ടെന്നും ഇതിനാൽ തന്നെ ഇവർ അഫ്ഗാൻ ജയിലിൽ തന്നെ കഴിയാനാണ് സാധ്യതയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം നാല് മലയാളി വനിതാ തീവ്രവാദികൾക്കും ഇന്ത്യയിലേക്ക് മടങ്ങുന്നതിനും താത്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ