പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു. വിചാരണ തടവുകാരനായ മണികണ്ഠനാണ് മരിച്ചത്. 72 വയസ്സായിരുന്നു. നാല് ദിവസം മുമ്പാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
പൂജപ്പുര സെൻട്രൽ ജയിലിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചതും മണികണ്ഠനാണ്. ഒന്നര വർഷമായി ജയിലിൽ കഴിയുന്ന ഇയാൾക്ക് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല. മണികണ്ഠന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജയിലിൽ നടത്തിയ പരിശോധനയിൽ 217 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു
തലസ്ഥാന നഗരത്തിലെ കൊവിഡ് ഹോട്ട് സ്‌പോട്ടായി പൂജപ്പുര ജയിൽ മാറി കഴിഞ്ഞു. ജയിൽ ഡോക്ടർക്കും രണ്ട് വാർഡൻമാർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ജയിലിൽ തന്നെ ഒരുക്കിയിരിക്കുന്ന പ്രത്യേക ചികിത്സാ കേന്ദ്രത്തിലാണ് തടവുകാരെ പാർപ്പിച്ചിരിക്കുന്നത്