കേന്ദ്രസര്‍ക്കാരിന്റെ അഞ്ചിന ഫോര്‍മുലകള്‍ തള്ളിയതിന് പിന്നാലെ പ്രക്ഷോഭം മറ്റൊരു രീതിയിൽ ശക്തമാക്കാൻ ഡിസംബര്‍ 14 ന് രാജ്യവ്യാപകമായി ബിജെപി ഓഫീസുകള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍. ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ കുത്തിയിരുപ്പ് സമരം നടത്താനാണ് കര്‍ഷകരുടെ തീരുമാനം. ബിജെപി നേതാക്കളെയും ജനപ്രതിനിധികളെയും ഉപരോധിക്കുമെന്നും വഴി തടഞ്ഞ് കരിങ്കൊടി കാട്ടി പ്രതിഷേധിക്കുമെന്നും സമരം ചെയ്യുന്ന കര്‍ഷകര്‍ അറിയിച്ചു.
റിലയന്‍സ് ജിയോ, അദാനി കമ്പനി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ദേശീയപാതകളിലെ ടോള്‍പിരിവുകള്‍ തടയാനും കര്‍ഷകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ടോള്‍ പ്ലാസകള്‍ പിടിച്ചെടുത്ത് വാഹനങ്ങളെ ടോളില്ലാതെ കടത്തിവിടും.12ന് ദില്ലി-ജയ്പൂര്‍ ദേശീയപാത ഉപരോധിക്കും. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും സമരത്തെ പിന്തുണയ്ക്കാന്‍ ഡല്‍ഹിയിലെത്താനും ആഹ്വാനമുണ്ട്. ഡല്‍ഹിയിലേക്കുള്ളപാതകള്‍ പൂര്‍ണമായി ഉപരോധിക്കുമെന്നും രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ഡല്‍ഹിയിലെത്താനും കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്തു.
കര്‍ഷകപ്രക്ഷോഭം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച മുന്നോട്ടുവച്ച അഞ്ചാം ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. സര്‍ക്കാര്‍ അവതരിപ്പിച്ച അഞ്ചിന ഫോര്‍മുലകളും കര്‍ഷക സംഘടനകള്‍ തള്ളിയതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പ്, സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ നിലനിര്‍ത്തും, സ്വകാര്യ മേഖലയെ നിയന്ത്രിക്കും, കരാര്‍-കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം, സ്വകാര്യ-സര്‍ക്കാര്‍ ചന്തകള്‍ക്ക് നികുതി ഏകീകരണം എന്നീ അഞ്ച് ഫോര്‍മുലകളാണ് കേന്ദ്രം സംഘടനകള്‍ക്ക് മുന്നില്‍ വെച്ചത്.