കര്‍ഷകസമരം: ഇന്ന് വീണ്ടും ചര്‍ച്ച

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സമരം ശക്തമാവുന്നതിനിടെ ഇന്ന് വീണ്ടും ചര്‍ച്ച. വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കര്‍ഷകസംഘടനകള്‍ തള്ളുകയും ബുധാഴ്ച ഭാരത ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇന്നത്തെ ചര്‍ച്ച ഏറെ നിര്‍ണായകമാണ്. എന്തുവിധേനയും ഭാരത് ബന്ദ് ഒഴിവാക്കാനാണു കേന്ദ്രസര്‍ക്കാര്‍ കിണഞ്ഞുശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി നിയമത്തിലെ രണ്ടു പ്രധാന വ്യവസ്ഥകള്‍ ഭേദഗതിചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ അറിയിക്കും.

താങ്ങുവില സംവിധാനം തുടരുമെന്ന ഉറപ്പിനു പുറമേ രണ്ടുവ്യവസ്ഥകളില്‍ ഭേദഗതി വരുത്താമെന്നാണ് കര്‍ഷക സംഘടനകള്‍ക്ക് കേന്ദ്രം വാഗ്ദാനം നല്‍കുന്നത്. പുതുതായി കൊണ്ടുവന്ന മൂന്നുനിയമങ്ങളില്‍, ഏറ്റവും വിവാദമായ വ്യവസ്ഥകളടങ്ങിയ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും(പ്രോല്‍സാഹനവും സൗകര്യമൊരുക്കലും) സംബന്ധിച്ച നിയമത്തില്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഗണിച്ച് ഭേദഗതി കൊണ്ടുവരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. രണ്ടുതരം കമ്പോളങ്ങളെയും തുല്യമായി കൈകാര്യം ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താമെന്നാണു കേന്ദ്രം നല്‍കുന്ന വാഗ്ദാനം. എന്നാല്‍, കഴിഞ്ഞ ചര്‍ച്ചയിലും ഇക്കാര്യം ഉന്നയിച്ചെങ്കിലും സമരക്കാര്‍ അത് തള്ളിയിരുന്നു. ബില്ലുകള്‍ പിന്‍വലിക്കാതെ ഒരുപടി പിന്നോട്ടില്ലെന്നാണ് കൊടുംതണുപ്പിലും ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ പറയുന്നത്.