തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഞായറാഴ്ച വൈകീട്ട് അവസാനിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മൂന്നുഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്റെ ഒന്നാംഘട്ടം ഡിസംബര്‍ എട്ടിനാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഇവിടുത്തെ പരസ്യ പ്രചാരണം ഞായറാഴ്ച വൈകീട്ട് അവസാനിക്കും. രണ്ടാം ഘട്ടം ഡിസംബര്‍ 10(വ്യാഴം) കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും മൂന്നാം ഘട്ടം ഡിസംബര്‍ 14(തിങ്കള്‍) മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 16നാണ് വോട്ടെണ്ണല്‍.
സംസ്ഥാനത്താകെ 1200 തദ്ദേശ സ്ഥാപനങ്ങളില്‍ 1199 സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. 941 ഗ്രാമപ്പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 നഗരസഭകള്‍, 6 കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേക്കാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ്. മട്ടന്നൂര്‍ നഗരസഭയില്‍ കാലാവധി പൂര്‍ത്തിയാവാത്തതിനാല്‍ ഇപ്പോള്‍ തിഞ്ഞെടുപ്പില്ല. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക. പോളിങ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കും. നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ കാലാവധി ഈ മാസം 11 ന് അവസാനിച്ചിരുന്നു.
ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണ രംഗം അവസാന ലാപ്പിലേക്ക് നീങ്ങുമ്പോള്‍ മുന്നണികളും പാര്‍ട്ടികളുമെല്ലാം മികച്ച വിജയപ്രതീക്ഷയിലാണ്. കൊവിഡ് കാരണം മുന്‍കാലങ്ങളിലേതില്‍ നിന്നു പരസ്യപ്രചാരണങ്ങള്‍ക്ക് കുറവുണ്ടെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം പൊടിപൊടിക്കുകയാണ്. കൊട്ടിക്കലാശത്തിനും ആള്‍ക്കൂട്ടങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.