ഐതിഹാസിക വിജയം: കർഷകരുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചു; സമരം അവസാനിപ്പിക്കും

 

കർഷക സമരം അവസാനിച്ചു. വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുകയും കർഷകരുടെ മറ്റ് ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ച് രേഖാമൂലം ഉറപ്പ് നൽകുകയും ചെയ്തതോടെയാണ് സമരം ഔദ്യോഗികമായി അവസാനിപ്പിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചത്. ഡിസംബർ 11 മുതൽ ഡൽഹി അതിർത്തിയിൽ നിന്ന് കർഷകർ സ്വന്തം വീടുകളിലേക്ക് മടങ്ങുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു

നാളെ കർഷകർ ആദരാഞ്ജലി ദിനം ആചരിക്കും. ശനിയാഴ്ച വിജയാഘോഷം സംഘടിപ്പിക്കും. ഇതിന് ശേഷമാകും അതിർത്തി വിടുക. വിളകൾക്കുള്ള താങ്ങുവില നിയമപരമായി ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാനും കർഷകർക്കെതിരായ കേസുകൾ പിൻവലിക്കാനും ഒരുക്കമാണെന്ന് അറിയിച്ച് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംയുക്ത കിസാൻ മോർച്ചക്ക് കത്തയച്ചിരുന്നു.

കർഷകരുടെ സമ്മർദത്തിന് ഒടുവിൽ കേന്ദ്രത്തിന് വഴങ്ങേണ്ടി വരികയായിരുന്നു. കേസുകൾ പിൻവലിക്കുന്ന നടപടികൾ ആരംഭിച്ചതായി കേന്ദ്രം അറിയിച്ചു. ഇതോടെ ഒന്നര വർഷത്തോളമായി തുടരുന്ന ഐതിഹാസിക സമരം അവസാനിപ്പിക്കാൻ കർഷകർ തീരുമാനിക്കുകയായിരുന്നു.