കർഷകരുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചു; കർഷക സമരം പരിസമാപ്തിയിലേക്ക്

ഒന്നര വർഷത്തോളമായി തുടരുന്ന കർഷക പ്രക്ഷോഭത്തിന് അവസാനമായേക്കുമെന്ന് സൂചന. താങ്ങുവില അടക്കം കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ മിക്കതും കേന്ദ്രസർക്കാർ അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. കർഷക സംഘടനകൾക്ക് കേന്ദ്രം രേഖാമൂലം ഉറപ്പ് നൽകിയിട്ടുണ്ട്. സർക്കാരുമായി നാളെ ചർച്ച നടത്തിയ ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കർഷക സംഘടനകൾ വ്യക്തമാക്കുന്നത്.

സമരം പിൻവലിച്ചാൽ കർഷക സംഘടന നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കാമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലടക്കം നാളെ ചർച്ച നടത്തിയ ശേഷം സംയുക്ത കിസാൻ മോർച്ച യോഗം ചേരും. തുടർന്നാകും സമരം പിൻവലിക്കുന്ന കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുക

എംഎസ്പി സംബന്ധിച്ച കാര്യങ്ങൾക്ക് ഒരു കമ്മിറ്റി രൂപീകരിക്കാമെന്നും വൈക്കോൽ കത്തിച്ചതടക്കം കർഷകരുടെ പേരിലുള്ള മുഴുവൻ കേസുകളും പിൻവലിക്കുമെന്നും കർഷക സംഘടനകൾക്ക് അയച്ച കത്തിൽ കേന്ദ്രം പറയുന്നു. നേരത്തെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും കേന്ദ്രം പിൻവലിച്ചിരുന്നു.