കർഷക സമരം എന്തിനാണെന്ന് വിശദീകരിക്കാൻ ആർക്കുമായില്ല; സർക്കാർ പാവങ്ങൾക്കൊപ്പം: മോദി

കർഷക സമരത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമരം എന്തിന് വേണ്ടിയാണെന്ന് ആരും പറയുന്നില്ല. കൃഷിമന്ത്രി ഉന്നയിച്ച ചോദ്യങ്ങൾക്ക് ആരും മറുപടി പറഞ്ഞില്ലെന്നും രാജ്യസഭയിൽ പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൻമേൽ നടന്ന നന്ദിപ്രമേയ ചർച്ചകൾക്ക് മറുപടി നൽകുകയായിരുന്നു മോദി

കാർഷിക നിയമത്തിൽ പോരായ്മയുണ്ടെങ്കിൽ പരിഹരിക്കാം. മുതിർന്ന കർഷകർ സമരം അവസാനിപ്പിച്ച് മടങ്ങണം. കേന്ദ്രസർക്കാർ എന്നും പാവങ്ങൾക്കൊപ്പമാണ്. രാജ്യത്ത് ചെറുകിട കർഷകരാണ് കൂടുതലുള്ളത്. പന്ത്രണ്ട് കോടി പേർക്കും രണ്ട് ഹെക്ടറിൽ താഴെ മാത്രമാണ് ഭൂമി.

മുൻപ്രധാനമന്ത്രിമാരായ ചരൺ സിംഗ്, ദേവഗൗഡ എന്നിവരെയും മോദി പരാമർശിച്ചു. കർഷകർക്ക് വേണ്ടി സ്വയം സമർപ്പിച്ച വ്യക്തിയാണ് ദേവഗൗഡ, ചെറുകിട കർഷകർക്ക് വേണ്ടിയാണ് ചരൺ സിംഗ് ചിന്തിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.