പി എസ് സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം. സമരത്തിനിടെ രണ്ട് പേർ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള ഉദ്യോഗാർഥികൾ സമരത്തിന് എത്തിയിരുന്നു. പട്ടികയിലെ 954ാം റാങ്കുകാരൻ പ്രിജു, 354ാം റാങ്കുകാരൻ പ്രവീൺകുമാർ എന്നിവരാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്.
താത്കാലിക ജീവനക്കാർക്ക് നിയമനം നൽകുന്നത് അവസാനിപ്പിക്കുക, പി എസ് സി പട്ടികയിൽ നിന്ന് ഉദ്യോഗാർഥികളെ നിയമിക്കുക, ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക ആറ് മാസത്തേക്ക് നീട്ടുക, റാങ്ക് പട്ടികയിലുള്ളവർക്ക് എത്രയും വേഗം നിയമനം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉദ്യോഗാർഥികൾ സമരം നടത്തുന്നത്.