യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർഥി ഹർജോത് സിംഗ് ഇന്ന് തിരിച്ചെത്തും. ഓപ്പറേഷൻ ഗംഗ വഴി ഹർജോതിനെ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വികെ സിംഗ് അറിയിച്ചു. ഇദ്ദേഹത്തിന്റെ പാസ്പോർട്ട് കളഞ്ഞുപോയിട്ടുണ്ടായിരുന്നെന്നും മന്ത്രി പറഞ്ഞു. റഷ്യൻ ആക്രമണം ആരംഭിച്ചതിന് പിന്നാലെ കീവിൽ നിന്നും ലെവിവിലേയ്ക്ക് പോകവെ ഫെബ്രുവരി 27നായിരുന്നു ഹർജോതിന് വെടിയേറ്റത്. തോളിനും കാലിനും പരുക്കുണ്ട്. നിലവിൽ കീവിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഹർജോത്.
ഹർജോതിനെ നിലവിൽ യുക്രൈൻ അതിർത്തി കടത്തിയതായാണ് വിവരം. നേരത്തെ ഇന്ത്യൻ എംബസിക്കെതിരെ രൂക്ഷ വിമർശനവുമായി ഹർജോത് രംഗത്തുവന്നിരുന്നു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ വെടിയേറ്റ ശേഷം തന്നെ ബന്ധപ്പെടാൻ പോലും ശ്രമിച്ചില്ല. ദേശീയ മാധ്യമമായ എൻഡിടിവിയാണ് തന്നെ വിളിച്ച് വിവരങ്ങൾ ആരാഞ്ഞത്. ശരീരത്തിൽ നിന്നും വെടിയുണ്ടകൾ പുറത്തെടുത്തെങ്കിലും ശരീരം മുഴുവൻ മുറിവേറ്റിട്ടുണ്ടെന്ന് ഹർജോത് സിംഗ് അന്ന് പ്രതികരിച്ചിരുന്നു.