സ്‌കൂള്‍ ക്ലാസുകളില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ബന്ധമാക്കാനാവില്ല സുപ്രിംകോടതി

ന്യൂഡല്‍ഹി: ഒന്നു മുതല്‍ ആറ് വരെ ക്ലാസുകളില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ബന്ധമാക്കിയ ആന്ധ്ര പ്രദേശ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്ത ആന്ധ്ര ഹൈക്കോടതി വിധി റദ്ദാക്കാനാവില്ലെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ അധ്യക്ഷനായ ബെഞ്ചാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. അതേസമയം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ കേള്‍ക്കാമെന്നും കോടതി സമ്മതിച്ചു. അടുത്ത ആഴ്ച കേസില്‍ വീണ്ടും വാദം കേള്‍ക്കും.

 

എല്ലാ സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകളിലും ഒന്നു മുതല്‍ ആറ് വരെ ക്ലാസുകളില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ബന്ധമാക്കിയ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ ഉത്തരവിനെതിരേ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നതിനിടയിലാണ് സുപ്രിം കോടതിയുടെ നിരീക്ഷണം. മുതിര്‍ന്ന അഭിഭാഷകനായ കെ വി വിശ്വനാഥനാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായത്. ഹൈക്കോടതിയുടെ വിധി അസാധുവാക്കാനാവില്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ ഏറെ പുരോഗമനപരമായ ഒരു നയമാണ് നടപ്പാക്കാന്‍ ശ്രമിച്ചതെന്ന് സംസ്ഥാനത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.

 

ഈ വിഷയത്തില്‍ വ്യത്യസ്തമായ നിലപാടുകളുണ്ടെന്നും ഞങ്ങളെല്ലാം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പഠിച്ചതെങ്കിലും ഒരു രക്ഷിതാവിനെയും ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു രക്ഷിതാവ് അവരുടെ മകനെ അല്ലെങ്കില്‍ മകളെ തെലുഗു മീഡിയത്തില്‍ പഠിപ്പിക്കാനാഗ്രഹിക്കുമെങ്കില്‍ അത് നടക്കണം. അതേസമയം രാജ്യത്തെ 96 ശതമാനം രക്ഷിതാക്കളും മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നതായും ബോബ്ദെ നിരീക്ഷിച്ചു.