തെരഞ്ഞെടുപ്പ്: റോഡ് ഷോ, വാഹന റാലി, പദയാത്ര എന്നിവക്കുള്ള വിലക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി

 

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ റോഡ് ഷോ, പദയാത്രകൾ, സൈക്കിൾ, വാഹന റാലികൾ എന്നിവക്കുള്ള നിരോധനം തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. അതേസമയം ഇൻഡോർ, ഔട്ട് ഡോർ രാഷ്ട്രീയ യോഗങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി

ഇൻഡോർ, ഔട്ട് ഡോർ യോഗങ്ങളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വർധിപ്പിച്ചു. ഇൻഡോറിൽ ഹാൾ ശേഷിയുടെ പരമാവധി അമ്പത് ശതമാനം പേരെയും ഓപൺ മൈതാനത്തിൽ 30 ശതമാനമായും പരിമിതപ്പെടുത്തണമെന്ന നിയന്ത്രണത്തിന് വ്യവസ്ഥക്ക് വിധേയമായി ഇളവുകൾ നൽകും. ജില്ലാ അധികാരികൾ അനുമതി നൽകിയ മൈതാനങ്ങളിൽ മാത്രമേ റാലികൾ നടത്താനാകൂ.

വീടുകൾ കയറിയുള്ള പ്രചാരണത്തിന് അനുവദനീയമായ പരമാവധി ആളുകളുടെ എണ്ണം 20 ആണ്. രാത്രി എട്ട് മണിക്കും രാവിലെ എട്ട് മണിക്കും ഇടയിലുള്ള പ്രചാരണ നിരോധനം തുടരും.