ഉപരാഷ്ട്രപതിയുടെ വ്യക്തിഗത അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റർ

ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റർ. അതേ സമയം ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടിൽ മാറ്റം വരുത്തിയിട്ടില്ല. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടിന് 9.3 ലക്ഷം ഫോളോവേഴ്സും വെങ്കയ്യനായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിന് 13 ലക്ഷം ട്വിറ്റർ ഫോളോവേഴ്സുമാണുള്ളത്.

വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ അക്കൗണ്ട് ആറ് മാസത്തോളമായി നിഷ്ക്രിയമായിരുന്നുവെന്നും ഇതേ തുടർന്നാണ് ബ്ലൂ ടിക്ക് നീക്കം ചെയ്യപ്പെട്ടതെന്നും ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.

അതേ സമയം ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ബിജെപി രംഗത്തെത്തി. ട്വിറ്ററിന്റെ നടപടി ഇന്ത്യൻ ഭരണഘടനയ്ക്കെതിരായ ആക്രമണമാണെന്ന് ബിജെപി മുംബൈ വാക്താവ് സുരേഷ് നഖുവ പറഞ്ഞു.

ഒരു അക്കൗണ്ട് ആധികാരികമാണെന്ന് അറിയാൻ വേണ്ടിയാണ് ട്വിറ്റർ ബ്ലൂടിക് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. സജീവമായ അക്കൗണ്ടുകൾക്ക് മാത്രമാണ് ഇത്തരത്തിൽ ബ്ലൂ ടിക്ക് നൽകുന്നതെന്നാണ് ട്വിറ്ററിന്റെ വിശദീകരണം.

സർക്കാർ കമ്പനികൾ, ബ്രാൻഡുകൾ, ലാഭരഹിത സംഘടനകൾ, വാർത്താ മാധ്യമങ്ങൾ, മാധ്യമപ്രവർത്തകർ, സിനിമ, കായിക താരങ്ങൾ, പരിസ്ഥിതി പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, മറ്റു ശ്രദ്ധേയമായ വ്യക്തിത്വങ്ങൾ തുടങ്ങിയവരുടെ അക്കൗണ്ടുകൾക്കാണ് ട്വിറ്റർ വെരിഫിക്കേഷൻ നടപടികളിലൂടെ ബ്ലൂ ടിക്ക് നൽകി വരുന്നത്.

അക്കൗണ്ടുകൾ നിഷ്ക്രിയവും അപൂർണ്ണവുമാകുക, അക്കൗണ്ട് പേര് മാറ്റുക, ഔദ്യോഗിക പദവികൾ ഒഴിയുകയോ ചെയ്യുമ്പോൾ ഇത്തരത്തിൽ ബ്ലൂ ടിക്ക് നഷ്ടപ്പെടാം.