ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. പതിവ് പരിശോധനയെത്തുടർന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. ഈ വിവരം അദ്ദേഹത്തിന്റെ ഓഫീസ് ട്വീറ്റിൽ അറിയിച്ചു. ഹോം ക്വാറൻറൈനിൽ കഴിയുന്ന 71 വയസ്സുകാരനായ വെങ്കയ്യ നായിഡുവിന് രോഗലക്ഷണങ്ങളോ ആരോഗ്യ പ്രശനങ്ങളോ ഇല്ലെന്ന് ട്വീറ്റിൽ പറഞ്ഞു.
“ഇന്ന് രാവിലെ പതിവ് കോവിഡ് -19 പരിശോധനയ്ക്ക് വിധേയനായ ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ പരിശോധന ഫലം പോസിറ്റീവ് ആയി. എന്നിരുന്നാലും, അദ്ദേഹത്തിന് രോഗലക്ഷണമോ ആരോഗ്യപ്രശനങ്ങളോ ഇല്ല. ഹോം ക്വാറൻറൈന് നിർദ്ദേശം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ ഉഷ നായിഡുവിന്റെ പരിശോധന ഫലം നെഗറ്റീവ് ആയി, അവർ സെല്ഫ് ഐസൊലേഷനിലാണ്,” ഓഫീസിൽ നിന്നുള്ള ട്വീറ്റിൽ പറഞ്ഞു.
രാജ്യസഭാ ചെയർമാൻ കൂടിയായ വെങ്കയ്യ നായിഡു അടുത്തിടെ പാർലമെന്റിന്റെ മൺസൂൺ സെഷനിൽ പങ്കെടുത്തിരുന്നു. 25 ലധികം അംഗങ്ങൾക്കു കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചതിനെത്തുടർന്ന് പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുകയായിരുന്നു.