സിൽവർ ലൈനിന് അന്തിമാനുമതി നൽകിയിട്ടില്ല: ഭൂമിയേറ്റെടുക്കരുതെന്ന് റെയിൽവെ മന്ത്രി

 

സില്‍വര്‍ലൈന്‍ പദ്ധതിക്ക് അന്തിമാനുമതി നൽകിയിട്ടില്ലെന്നും ഭൂമിയേറ്റെടുക്കരുതെന്നും റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ്. കെ റെയിൽ പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ റെയിൽവേ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ അടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് മാത്രമാണ് തത്വത്തിലുള്ള അനുമതി നൽകിയത്. പദ്ധതിയുടെ ഡിപിആർ ഇപ്പോഴും റെയിൽവേ ബോർഡിന്റെ പരിഗണനയിലാണ്. ഡിപിആറിന് ഇപ്പോഴും കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് റെയിൽവേ വ്യക്തമാക്കി. ഡിപിആറിന് അനുമതി നൽകാത്തതിനാല്‍ സിൽവർ ലൈൻ പദ്ധതിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിർത്തിവയ്ക്കുന്നതാണ് നല്ലതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

പദ്ധതിയുടെ സാങ്കേതിക സാധ്യത സംബന്ധിച്ച് ഡിപിആറില്‍ ഒന്നും പറയുന്നില്ല. അലൈന്‍മെന്‍റ് പ്ലാന്‍ ഉള്‍പ്പടെ വിശദമായ സാങ്കേതിക സാധ്യത റിപ്പോര്‍ട്ട് നല്‍കാന്‍ കെ റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടിക്കറ്റ് വരുമാനം കൊണ്ട് മാത്രം സിൽവർ ലൈൻ പദ്ധതി സാമ്പത്തികമായി വിജയിക്കില്ലെന്നും റെയിൽവേ വ്യക്തമാക്കുന്നു.

പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് അഭ്യര്‍ഥിച്ച് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ റെയില്‍വേ മന്ത്രിയെ ഇന്ന് കണ്ടിരുന്നു. അതേസമയം പരിസ്ഥിതി വിഷയത്തില്‍ പാര്‍ട്ടിക്ക് വിട്ടുവീഴ്ച്ചയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.

സിൽവ‍ർ ലൈൻ പദ്ധതിയിൽ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. പദ്ധതിക്കായി സർവേ നടത്താൻ എന്ത് തടസമാണുള്ളതെന്ന് ഹൈക്കോടതി ഹർജി പരിഗണിക്കവേ ചോദിച്ചു. സർവെ നടത്താൻ നിയമപരമായ തടസം ഇല്ലല്ലോ എന്നും കോടതി ചോദിച്ചു. സർവെ നടത്താൻ സർക്കാരിന് അധികാരമുണ്ടെന്ന് നിരീക്ഷിച്ച കോടതി പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സർവെ ആൻറ് ബൗണ്ടറി ആക്ട് പ്രകാരം സർവെ നടത്താമെന്നും അഭിപ്രായപ്പെട്ടു. ഹർജിക്കാരുടെ ഭൂമിയിൽ സർവെ തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് നിർണായകമായ നിരീക്ഷണം നടത്തിയത്.