നിയമം പാലിച്ചുവേണം കെ റെയിൽ നടപ്പാക്കാനെന്ന് ഹൈക്കോടതി; അനുമതിയിൽ തീരുമാനമായില്ലെന്ന് കേന്ദ്രം

 

സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ഡിപിആർ പരിശോധിച്ച് വരികയാണ്. അതിനു ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം പദ്ധതിക്ക് കേന്ദ്രം തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെയുള്ള ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്രം കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.

ഡിപിആർ എങ്ങനെയാണ് തയ്യാറാക്കിയത്. ഡിപിആർ തയ്യാറാക്കുന്നത് സ്വീകരിച്ച് നടപടി ക്രമങ്ങൾ എന്തൊക്കെയാണെന്ന് കോടതി ചോദിച്ചു. ഏരിയൽ സർവേ അടിസ്ഥാനത്തിലാണ് ഡിപിആർ നടപ്പാക്കിയതെന്നാണ് സംസ്ഥാന സർക്കാർ നൽകിയ മറുപടി. ഏരിയൽ സർവേ പ്രായോഗികമാണോയെന്ന് കോടതി ചോദിച്ചു. ഏരിയൽ സർവേക്കൊപ്പം പദ്ധതി നടപ്പാക്കാനുദ്ദേശിതക്കുന്നിടത്തു കൂടെ ഫിസിക്കൽ സർവേയും നടത്തുന്നുണ്ടെന്ന് സർക്കാർ മറുപടി നൽകി.

സർവേ എങ്ങനെയാണ് നടത്തുന്നതെന്നതിൽ പോലും സർക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ മറുപടി ഇല്ല. ഡിപിആർ തയ്യാറാക്കുന്നതിന് മുമ്പേ തന്നെ സർവേ തീർക്കണമായിരുന്നെന്നും കോടതി പറഞ്ഞു. സർവേ നടത്തും മുൻപ് എങ്ങനെ ഡിപിആർ തയ്യാറായി, എല്ലാ നിയമവും പാലിച്ചു മാത്രമേ കെ റെയിൽ പോലൊരു പദ്ധതി നടപ്പക്കാനാവൂ എന്നും കോടതി പറഞ്ഞു.