ഫെഡറേഷൻ ഓഫ് ഇന്ത്യൻ അനിമൽ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ സർക്കാരിന് നൽകിയ നിവേദനം ; നാഗാലാൻറിൽ പട്ടിയിറച്ചി നിരോധിച്ചു

പട്ടിയിറച്ചി വില്‍പന നിരോധിച്ച് നാഗാലാന്‍റ് സർക്കാർ. പാകം ചെയ്തതും അല്ലാത്തതുമായ പട്ടിയിറച്ചി വിൽപനയും വ്യാവസായിക അടിസ്ഥാനത്തിൽ പട്ടികളെ ഇറക്കുമതി ചെയ്യുന്നതും പട്ടിച്ചന്തകളും നിരോധിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി ടെംജെൻ ടോയ് അറിയിച്ചു. ജില്ലാ ഭരണകൂടവും പൊലീസും മുന്‍സിപ്പല്‍ അഡ്മിനിസ്ട്രേഷനും ചേര്‍ന്ന് ഇക്കാര്യം ഉറപ്പ് വരുത്തുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അനിമൽ പ്രൊട്ടക്‌ഷൻ ഓർഗനൈസേഷൻ പട്ടികളോടുള്ള ക്രൂരത നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്‌ സർക്കാരിന് നിവേദനം നൽകിയിരുന്നു. പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടനക്ക് വേണ്ടി മനേക ഗാന്ധിയും നാഗാലാന്‍റില്‍ പട്ടികളെ കൊന്നുതിന്നുന്നത് ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യയില്‍ നിയമവിരുദ്ധമാണെന്നും മനേക വ്യക്തമാക്കിയിരുന്നു. പട്ടിയിറച്ചി വില്‍പന അവസാനിപ്പിക്കാന്‍ നാഗാലാന്‍റ് മുഖ്യമന്ത്രിക്ക് ഇ മെയില്‍ ചെയ്യാനും മനേക അഭ്യര്‍ഥിക്കുകയുണ്ടായി.

നാഗാലാന്‍റിലെയും നോര്‍ത്ത് ഈസ്റ്റിലെയും ഒരു വിഭാഗം വര്‍ഷങ്ങളായി പരമ്പരാഗതമായി പട്ടിയിറച്ചി കഴിക്കുന്നുണ്ട്. പട്ടിയിറച്ചിക്ക് ഔഷധഗുണമുണ്ടെന്നും ഒരു വിഭാഗം വിശ്വസിക്കുന്നു. 2011ലെ ഭക്ഷസുരക്ഷാ റഗുലേഷന്‍ പ്രകാരം ഭക്ഷ്യയോഗ്യമായ വസ്തുക്കളുടെ പട്ടികയില്‍ പട്ടിയിറച്ചി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. എന്നാല്‍ പരമ്പരാഗത ഭക്ഷണശീലങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്ന വിമര്‍ശനവും നാഗാലാന്‍റില്‍ ഉയരുന്നുണ്ട്.