രണ്ടുതരം സാനിറ്റൈസറുകള്‍ നിരോധിച്ച് ഒമാനിലെ പബ്ലിക് അതോറിറ്റി ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (പി എ സി പി). നിലവാര മാനദണ്ഡം പാലിക്കാത്തതാണ് ഈ സാനിറ്റൈസറുകള്‍. ഇവയുടെ ഉപയോഗം നാഡീവ്യൂഹത്തെ ബാധിക്കുകയും തലവേദന, മനംപിരട്ടല്‍, ത്വക്കിലും കണ്ണിലും ചൊറിച്ചില്‍ അടക്കമുള്ള ശാരീരിക പ്രശ്‌നങ്ങളുമുണ്ടാകും.
അതിനിടെ രാജ്യത്ത് ശനിയാഴ്ച 62 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 546 ആയി. 109 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. മൊത്തം മൂന്ന് മരണങ്ങളാണുണ്ടായത്. തലസ്ഥാന നഗരിയായ മസ്‌കത്തിലാണ് കൂടുതല്‍ കേസുകള്‍; 440 എണ്ണം. രാജ്യത്തെ മരണങ്ങളും മസ്‌കത്തിലാണുണ്ടായത്.
അതേ സമയം, റോയല്‍ ആശുപത്രിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഓങ്കോളജി ഒ പിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രോഗിയുടെ ആരോഗ്യത്തെ ബാധിക്കാത്ത രീതിയില്‍ സാധാരണ അപ്പോയിന്റ്‌മെന്റുകള്‍ പുതുക്കിയിട്ടുണ്ട്. 79323229 എന്ന വാട്‌സാപ്പ് നമ്പറില്‍ മെസ്സേജ് അയച്ചാല്‍ മസ്‌കത്ത് ഗവര്‍ണറേറ്റിലുള്ള രോഗികള്‍ക്ക് മരുന്നുകള്‍ എത്തിച്ചുനല്‍കും.
ക്വാറന്റൈന്‍ മേഖലകളില്‍ ചാരിറ്റികള്‍ മുഖേനയോ അതത് പ്രദേശത്തെ ആശുപത്രികള്‍ മുഖേനയോ ആകും മരുന്ന് എത്തിക്കുക. സെന്ററിലെ ഡോക്ടര്‍മാര്‍ ഓരോ കേസും പ്രത്യേകം പഠിക്കുകയും രോഗിയുടെ ആരോഗ്യത്തെ ബാധിക്കാത്ത രീതിയില്‍ ഡോസുകള്‍ തീരുമാനിക്കുകയും ചെയ്യും. സെന്ററില്‍ വന്നുള്ള ചികിത്സ ആവശ്യമാണെങ്കില്‍ മസ്‌കത്തിലേക്കുള്ള രോഗികളുടെ പ്രവേശനത്തിന് ബന്ധപ്പെട്ട അധികൃതരുമായി റോയല്‍ ഹോസ്പിറ്റലിലെ പി ആര്‍ വിഭാഗം ബന്ധപ്പെടും.