കുവൈത്തില്‍ സമ്പൂര്‍ണ്ണ കര്‍ഫ്യൂ: തീരുമാനമായിട്ടില്ലെന്ന് അധികൃതര്‍

കൊറോണവൈറസ് ബാധ നിയന്ത്രിക്കുന്നതിന് രാജ്യം മുഴുക്കെ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സമ്പൂര്‍ണ്ണ നിരോധനം എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, അത്തരമൊരു അവസ്ഥ വേണ്ടിവന്നാല്‍ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകളെ സംബന്ധിച്ച് അധികൃതര്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലിഹ് അറിയിച്ചു.

കോവിഡ് ബാധ തടയുന്നതിന് ആരോഗ്യ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഭാഗിക കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങാന്‍ ജീവനക്കാര്‍ക്ക് നല്‍കിയ പാസ്സുകളുടെ എണ്ണം പകുതിയായി ചുരുക്കും. സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ഓണ്‍ലൈനിലൂടെ തുടരാന്‍ വേണ്ട ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ വേതനം ഉറപ്പുവരുത്തും.

അതിനിടെ ഞായറാഴ്ച 161 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കേസുകള്‍ 1154 ആയി. 142 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഒരാളാണ് ഇതുവരെ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *