സിപിഎം എതിർത്തു; ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുന്നത് രാജ്യസഭ വീണ്ടും മാറ്റി

 

ഏകീകൃത സിവിൽ നിയമത്തിനായുള്ള സ്വകാര്യ ബിൽ പരിഗണിക്കുന്നത് രാജ്യസഭ വീണ്ടും മാറ്റി. സിപിഎം എംപിമാർ എതിർപ്പ് ഉന്നയിച്ച് കത്ത് നൽകിയതോടെയാണ് രാജസ്ഥാനിൽ നിന്നുള്ള എംപി കിരോഡിലാൽ മീണ ബിൽ അവതരിപ്പിക്കുന്നത് മാറ്റിയത്. ഏകീകൃത സിവിൽ കോഡിന്റെ സാധ്യത പരിശോധിക്കാൻ കേന്ദ്രം നിയമ കമ്മീഷനോട് ആവശ്യപ്പെട്ടേക്കും

ഇത് മൂന്നാം തവണയാണ് ഏകീകൃത സിവിൽ കോഡിനായുള്ള സ്വകാര്യ ബിൽ അവതരിപ്പിക്കാതെ മാറ്റുന്നത്. രാജ്യത്തെ മതസൗഹാർദം തകർക്കുന്നതാകും ബില്ലെന്ന് എളമരം കരീം നൽകിയ കത്തിൽ പറയുന്നു. കോടതി വിധികളെ കുറിച്ച് തെറ്റായ വ്യാഖ്യാനമാണ് ബില്ലിലുള്ളതെന്നും എളമരം കരീം ആരോപിച്ചു.

ഇപ്പോൾ നിയമം കൊണ്ടുവരാനുള്ള സാഹചര്യമില്ലെന്നായിരുന്നു 21ാം നിയമ കമ്മീഷൻ എടുത്ത നിലപാട്. ഏകീകൃത സിവിൽ നിയമം വേണമെന്ന ഹർജികളിൽ ചില കോടതികൾ കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. ഈ സാഹചര്യത്തിൽ വീണ്ടും വിഷയം നിയമ കമ്മീഷന് വിടാനാണ് കേന്ദ്രത്തിന്റെ ആലോചന.