പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഉടൻ തീരുമാനമില്ല. സംസ്ഥാനങ്ങൾ കൂട്ടത്തോടെ എതിർത്തതോടെ വിഷയം പിന്നീട് ചർച്ചചെയ്യാനായി മാറ്റിവെച്ചു.
വെള്ളിയാഴ്ച ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം ഈ വിഷയം ചർച്ചയ്ക്ക് എടുത്തെങ്കിലും എല്ലാ സംസ്ഥാനങ്ങളും കൂടി ഒന്നിച്ച് എതിർക്കുകയായിരുന്നു.കേന്ദ്രത്തിന്റെ നീക്കം ജി.എസ്.ടി കൗൺസിലിന്റെ രൂപികരണ ലക്ഷ്യത്തിന് വിരുദ്ധമാണെന്ന് സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് എതിർപ്പ് അറിയിച്ചത്.
പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് കേരളവും മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നത് സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടത്തിന് കാരണമാകുമെന്ന് ഉത്തർപ്രദേശ് ധനമന്ത്രി സുരേഷ് ഖന്നയും പറഞ്ഞിരുന്നു.
ഇതോടെ പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിൽ കേന്ദ്രം അനുകൂലമാണെങ്കിലും പ്രതിഷേധം അവഗണിച്ച് ഏകപക്ഷീയമായ തീരുമാനമുണ്ടാകില്ലെന്നാണ് സൂചന.