കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗിനെതിരെ കേസെടുത്ത് ഡൽഹി പോലീസ്. കർഷകസമരവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ഡൽഹി സൈബർ പോലീസാണ് കേസെടുത്തത്
മതത്തിന്റെ പേരിൽ ശത്രുത പരത്തുകയും ക്രിമിനൽ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന് ഡൽഹി പോലീസ് ആരോപിക്കുന്നു. കർഷക സമരം നടക്കുന്ന സ്ഥലത്ത് ഇന്റർനെറ്റ് അടക്കമുള്ളവ വിച്ഛേദിച്ച സർക്കാർ നടപടിയെക്കുറിച്ചുള്ള വാർത്ത ഉൾപ്പെടെ പങ്കുവെച്ചായിരുന്നു ഗ്രെറ്റയുടെ ട്വീറ്റ്
കർഷക സമരത്തെ പിന്തുണക്കാനുള്ള ടൂൾ കിറ്റ് പങ്കുവെച്ച് വ്യാഴാഴ്ചയും ഗ്രെറ്റ ട്വീറ്റ് ചെയ്തു. കർഷക സമരത്തിന് ആഗോളതലത്തിൽ എങ്ങനെയൊക്കെ പിന്തുണയേകാമെന്ന് വിശദീകരിക്കുന്ന ട്വീറ്റായിരുന്നുവിത്. ഫെബ്രുവരി 13, 14 തീയതികളിൽ ഇന്ത്യൻ എംബസി, മാധ്യമങ്ങൾ, പ്രാദേശിക സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രതിഷേധിക്കാനും ഗ്രെറ്റ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി