ലഡാക്കിൽ ഇന്ത്യയ്ക്ക് ഭീഷണിയായി ചൈനയുടെ പാലം നിർമാണം; സാറ്റലൈറ്റ് ദൃശ്യം പുറത്ത്

അരുണാചൽപ്രദേശിലെ നിർമാണപ്രവൃത്തികൾക്കു പിറകെ ലഡാക്കിലും ചൈനയുടെ കൈയേറ്റശ്രമങ്ങൾ. കിഴക്കൻ ലഡാക്കിലെ പാങ്ങോങ് സോ തടാകത്തിൽ ഇന്ത്യയ്ക്ക് ഭീഷണിയുയര്‍ത്തി ചൈന പാലം നിർമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യം പുറത്ത്. ജിയോ ഇന്റലിജൻസ് വിദഗ്ധനായ ഡാമിയൻ സിമണിനു ലഭിച്ച സാറ്റലൈറ്റ് ചിത്രങ്ങളിലാണ് ചൈനയുടെ പാലം നിർമാണത്തിന്റെ സൂചനയുള്ളത്.

പാങ്കോങ് തടാകത്തിന്റെ ചൈനയുടെ അധീനതയിലുള്ള ഭാഗത്താണ് ഇരുകരകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പാലം നിർമാണം പുരോഗമിക്കുന്നതെന്നാണ് വിവരം. പാലം വരുന്നതോടെ മേഖലയിൽ സൈനിക നടപടിയുണ്ടായാൽ അതിവേഗത്തിലുള്ള സൈനിക, ആയുധവിന്യാസത്തിന് ചൈനയെ ഇത് സഹായിക്കുമെന്നുറപ്പാണ്.

ഡാമിയൻ സിമൺ ട്വിറ്ററിലൂടെയാണ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. പാങ്ങോങ് സോ തടാകത്തിന്റെ വടക്ക്, പടിഞ്ഞാറൻ കരകളെ ബന്ധിപ്പിച്ചാണ് പാലം നിർമാണം പുരോഗമിക്കുന്നതെന്ന് ട്വീറ്റിൽ ഡാമിയൻ പറയുന്നു. മേഖലയിലെ സൈനിക വിന്യാസം എളുപ്പമാക്കാനായി ഗതാഗതമാർഗം ശക്തിപ്പെടുത്തുകയാണ് ഇതുവഴി ചൈന ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുന്നു.

2020ൽ ലഡാക്ക് മേഖലയിൽ ഇന്ത്യ-ചൈന സംഘർഷം രൂക്ഷമായിരുന്നു. ഗാൽവാൻ നദീതീരത്തുണ്ടായ കനത്ത ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർക്കാണ് ജീവൻ നഷ്ടമായത്. ചൈനയുടെ നാല് സൈനികരും കൊല്ലപ്പെട്ടു. ഈ സമയത്ത് പാങ്ങോങ്ങിന്റെ ദക്ഷിണതീരത്തുള്ള കൈലാഷ് ഭാഗത്തിന്റെ മുകളിൽ വരെ ഇന്ത്യൻ സൈന്യം എത്തിയിരുന്നു. ചൈനയ്ക്കുമേലുള്ള ഇന്ത്യയുടെ ശ്രദ്ധേയ സൈനികനീക്കമായാണ് ഇതു വിലയിരുത്തപ്പെട്ടത്. ഇതിനുശേഷം ഇരുഭാഗത്തുനിന്നുമായി 50,000ത്തോളം സൈനികരാണ് കിഴക്കൻ ലഡാക്കിൽ വിന്യസിക്കപ്പെട്ടിട്ടുള്ളത്.