ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി ശാന്തമെന്ന് സൈനിക മേധാവി എം.എം നരവാനെ. കിഴക്കൻ ലഡാക്കിലെ സുരക്ഷ വിലയിരുത്തിയതിന് ശേഷമാണ് സൈനിക മേധാവിയുടെ പ്രസ്താവന. ഏത് ഭീഷണി നേരിടാനും സൈന്യം തയാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈന അതിർത്തിയിൽ അടിസ്ഥാനസൗകര്യം വികസിപ്പിക്കുകയും കൂടുതൽ സൈന്യത്തെ വിന്യസിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഇന്ത്യ നിരീക്ഷിച്ച് വരികയാണ്. ചൈനയുടെ നടപടികൾക്ക് മറുപടി നൽകാൻ ഇന്ത്യ തയാറാണ്. ഏത് സാഹചര്യം നേരിടാനും രാജ്യത്തിന് കരുത്തുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തീവ്രവാദത്തെ പിന്തുണക്കരുതെന്ന് പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് സൈനിക മേധാവി ലഡാക്കിലെത്തിലെത്തിയത്. ആഗസ്റ്റ് ആദ്യവാരത്തിൽ ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചതിന് ശേഷം ഇതാദ്യമായാണ് സൈനിക മേധാവി ലഡാക്കിൽ സന്ദർശനം നടത്തുന്നത്.