കണ്ണൂര്‍: റിട്ട. ജസ്റ്റിസ് കെമാല്‍ പാഷയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍. സിപിഐഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെ സ്വയം പ്രഖ്യാപിത നാടുവാഴിയെന്ന് ഒരു വിധികര്‍ത്താവ് എഴുതിവച്ചെന്നും അദ്ദേഹത്തെ പിടികൂടിയ മാര്‍ക്‌സിസ്റ്റ് വിരുദ്ധ ജ്വരത്തിന് ചികിത്സ വേണമെന്നു പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ അടക്കം വെറുതെ വിട്ടതിന് പിന്നാലെയാണ് കെമാല്‍ പാഷയ്‌ക്കെതിരെ ഫേസ്ബുക്കിലൂടെയുള്ള ഈ വിമര്‍ശനങ്ങള്‍. ( p jayarajan fb post against B. Kemal Pasha)
തങ്ങള്‍ മുസ്ലീം ലാഗ് പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ടുവെന്ന വാദത്തെ സംശയ നിഴലില്‍ നിര്‍ത്തുന്ന മാധ്യമ റിപ്പോര്‍ട്ടുകളെ വിമര്‍ശിച്ചതിനോടൊപ്പമാണ് പി ജയരാജന്‍ ജസ്റ്റിസ് കെമാല്‍ പാഷയേയും പേര് പറയാതെ രൂക്ഷമായി വിമര്‍ശിക്കുന്നത്. തനിക്കെതിരെ സ്വയംപ്രഖ്യാപിത നാടുവാഴി എന്ന പരാമര്‍ശിച്ച ഇദ്ദേഹത്തിന്റെ മാര്‍ക്‌സിസ്റ്റ് വിരുദ്ധ ജ്വരത്തിന് ചികിത്സ നല്‍കുന്നത് സ്വതന്ത്രമായ നീതി നിര്‍വ്വഹണ സംവിധാനത്തിന് കരുത്ത് പകരുമെന്നാണ് പി ജയരാജന്റെ പരാമര്‍ശം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
ഇന്നലെ വിധി വന്ന അരിയില്‍ കേസ് സംബന്ധിച്ച് പ്രമുഖ പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ചില മാധ്യമങ്ങള്‍ ഇന്ന് നല്‍കിയ വാര്‍ത്തകളില്‍ ഞാനും ടി.വി. രാജേഷും ‘ആക്രമിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന സംഭവം’ എന്നാണ് എഴുതിയിരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ അന്ന് മുസ്ലിം ലീഗിന്റെ അക്രമം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയ ഞങ്ങളാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്.പരിക്കേറ്റ ഞങ്ങളെ ആശുപത്രിയില്‍ എത്തിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരല്ല, മറിച്ച് അന്നത്തെ പോലീസാണ്. ഞങ്ങള്‍ക്ക് പരിക്കേറ്റു എന്ന് പോലീസിന് കൃത്യമായ ബോധ്യമുള്ളതുകൊണ്ടാണ് അവര്‍ ഞങ്ങളെ ആശുപത്രിയില്‍ എത്തിച്ചത്.
എന്നിട്ടും കേസിന്റെ വിധി വന്ന ഘട്ടത്തില്‍ ഞങ്ങള്‍ ആക്രമിക്കപ്പെട്ടതിനെ പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന തരത്തിലുള്ള അധമ മാധ്യമ പ്രവര്‍ത്തനമാണ് ചിലര്‍ നടത്തുന്നത്. ഇത്തരം കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമസമീപനങ്ങള്‍ തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്.
വര്‍ഷങ്ങളായി മനസ്സില്‍ കരുതിയ ഒരു കാര്യം കൂടി ഈ സന്ദര്‍ഭത്തില്‍ തുറന്നു പറയേണ്ടതുണ്ടെന്ന് തോന്നുന്നു. മേല്‍പറഞ്ഞ അധമ മാധ്യമ പ്രവര്‍ത്തനങ്ങളാല്‍ സ്വാധിനിക്കപ്പെട്ട് ഇന്ത്യയിലെ നിയമവിധേയ പ്രവര്‍ത്തനം നടത്തുന്ന സിപിഐ (എം) ന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെ ‘സ്വയം പ്രഖ്യാപിത നാടുവാഴി ‘ യായി ഒരു മുന്‍ വിധികര്‍ത്താവ് എഴുതി വെക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ പിടികൂടിയ മാര്‍ക്‌സിസ്റ്റ് വിരുദ്ധജ്വരത്തിന് കൂടി ചികിത്സ നടത്തണം. അത് സ്വതന്ത്രമായ നീതി നിര്‍വ്വഹണ സംവിധാനത്തിന് കരുത്ത് പകരും.
?ഈ കേസില്‍ ഞങ്ങളെ അക്രമികളായി ചിത്രീകരിക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചതും അതിനായി ശ്രമിച്ചതും മുസ്ലിം ലീഗാണ്.തങ്ങള്‍ വരച്ച വരയില്‍ നിര്‍ത്തി കോടതിയില്‍ കള്ളമൊഴി നല്‍കിക്കാന്‍ അവര്‍ നിരവധി സാക്ഷികളെ തയ്യാറാക്കി നിര്‍ത്തിയിരുന്നു. എന്നാല്‍, അവര്‍ കൊണ്ടുവന്ന സാക്ഷികളില്‍ ചിലര്‍ കോടതിയില്‍ നുണ പറയാന്‍ തയ്യാറായില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
?അതിലൊരാള്‍ വിദേശത്തുനിന്ന് വിമാനമാര്‍ഗ്ഗം കേരളത്തിലെത്തി കോടതിയുടെ കോമ്പൗണ്ട് വരെ എത്തിയതാണ്. എന്നിട്ടും അദ്ദേഹത്തെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. തനിക്ക് തെറ്റായ കാര്യങ്ങള്‍ കോടതിയില്‍ പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതുകൊണ്ടാണ് പ്രോസിക്യൂഷന്‍ പിന്മാറിയത്.
മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തന്നെയായ ചില സാക്ഷികള്‍ എങ്കിലും ഇത്തരത്തില്‍ വ്യാജമൊഴി നല്‍കാന്‍ തയ്യാറാകാതിരുന്നത് അവര്‍ യഥാര്‍ത്ഥ സത്യവിശ്വാസികള്‍ ആയതുകൊണ്ടാണ്. ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് മനഃസാക്ഷിക്ക് വിരുദ്ധമായി കള്ളസാക്ഷി പറയാന്‍ കഴിയില്ല.
?അതുപോലെ, കേസിന്റെ തുടക്കത്തില്‍ ഞങ്ങള്‍ക്കെതിരെ മൊഴി നല്‍കാന്‍ വന്ന രണ്ട് സാക്ഷികള്‍ക്ക്, തങ്ങള്‍ ഉന്നയിക്കുന്ന കുറ്റം തങ്ങള്‍ക്കെതിരെയും ബാധകമാകുമെന്ന് ബോധ്യപ്പെട്ടു. അതിനെ തുടര്‍ന്നാണ് സി. ബി. ഐ അന്വേഷണം വന്നത്.
സത്യത്തിലും നീതിയിലും ന്യായത്തിലും വിശ്വസിക്കുന്ന മനുഷ്യര്‍ക്ക് കള്ളം പറയാന്‍ സാധിക്കാത്തതുകൊണ്ട് മാത്രമാണ് പ്രോസിക്യൂഷന്റെ പല നീക്കങ്ങളും പാളിപ്പോയത്.
?ഈ കേസില്‍ വിധി വന്നിരിക്കുന്നു; അതിന്റെ തുടര്‍ നിയമനടപടികള്‍ സ്വാഭാവികമായും മുന്നോട്ട് പോകും. എന്നാല്‍, രാഷ്ട്രീയ എതിരാളികളെ കുടുക്കാന്‍ കള്ളസാക്ഷികളെ സൃഷ്ടിക്കുന്ന ഇത്തരം തെറ്റായ കീഴ് വഴക്കങ്ങളെക്കുറിച്ച് സമൂഹം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. കള്ളസാക്ഷി മൊഴികള്‍ ഉണ്ടാകുന്നതും, സത്യബോധമുള്ളവര്‍ അതില്‍ നിന്ന് പിന്മാറുന്നതും ഇത്തരം കേസുകളുടെ ഗതിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് എല്ലാ കേസുകളുടെയും പശ്ചാത്തലത്തില്‍ പരിശോധിക്കപ്പെടേണ്ട വിഷയമാണ്.








