മുംബൈ: ക്രൂയിസ് കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ കുടുങ്ങിയത് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍. കഴിഞ്ഞ ദിവസമാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഈ കപ്പലില്‍ പരിശോധന നടത്തിയ കൊക്കെയ്ന്‍ അടക്കം പിടിച്ചെടുത്തത്. ബോളിവുഡിലെ ഒരു സൂപ്പര്‍ താരത്തിന്റെ മകനും ഇക്കൂട്ടത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഒടുവില്‍ ഇന്ന് രാവിലെയാണ് ഷാരൂഖ് ഖാന്റെ മകനെയാണ് കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. നാര്‍ക്കോട്ടിക്‌സ് ബ്യൂറോ ആര്യനെ ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. ആര്യന്റെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയെന്നും, അദ്ദേഹം മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.
മുംബൈ തീരത്ത് വെച്ച് ക്രൂയിസ് കപ്പലില്‍ നടന്ന പാര്‍ട്ടിയിലാണ് മയക്കുമരുന്ന് ഉപയോഗമുണ്ടായത്. എന്‍സിബി ഉദ്യോഗസ്ഥര്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് ഈ കപ്പലില്‍ എത്തിയിരുന്നു. പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടാണ് എന്‍സിബി റെയ്ഡ് നടത്തിയതും ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തതും. നിലവില്‍ ആര്യനെതിരെ നിലവില്‍ കേസൊന്നും എടുത്തിട്ടില്ല. അറസ്റ്റ് ചെയ്തിട്ടുമില്ലെന്ന്എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ പറഞ്ഞു. ക്രൂയിസ് പാര്‍ട്ടി നടത്തിയ ആറ് സംഘാകരോട് ചോദ്യം ചെയ്യലിനായി ഹാജരാവാനും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആവശ്യപ്പെട്ടിട്ടുണ്ട്.
ആര്യന്റെ ഫോണ്‍ എന്‍സിബി പിടിച്ചെടുത്തിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ ഇവര്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ഈ ഫോണിലൂടെ ആര്യന്‍ നടത്തിയ ചാറ്റുകളാണ് പരിശോധിക്കുക. ഇതില്‍ നിന്ന് മയക്കുമരുന്നിന്റെ സൂചനകള്‍ ലഭിച്ചാല്‍ അതോടെ ആര്യന്‍ ഖാന്‍ നടപടികള്‍ നേരിടേണ്ടി വരും. അറസ്റ്റ് അടക്കമുള്ള നടപടികളുമുണ്ടാവും. അതേസമയം ബോളിവുഡിനെ ഒന്നടങ്കം പിടിച്ച് കുലുക്കിയിരിക്കുകയാണ് ഈ സംഭവം. ബോളിവുഡിലെ ഏറ്റവും വലിയസൂപ്പര്‍ താരത്തിന്റെ മകന്‍ തന്നെ കേസില്‍ കുടുങ്ങിയതാണ് എല്ലാവരെയും അമ്പരിപ്പിക്കുന്നത്. നേരത്തെ അര്‍ജുന്‍ രാംപാലിന്റെ ഭാര്യാ സഹോദരനും മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിരുന്നു
എല്ലാവരുടെയും മൊബൈല്‍ ഫോണുകളും എന്‍സിബി പിടിച്ചെടുത്തിട്ടുണ്ട്. പത്തോളം പേര്‍ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് വിവരം. ആര്യന്‍ ഖാന്‍ ഈ ക്രൂയിസ് ഷിപ്പിലെ വിവിഐപി പട്ടികയിലുണ്ടായിരുന്ന വ്യക്തിയാണ്. എന്‍ട്രി ഫീസ് പോലും നല്‍കേണ്ടി വന്നിട്ടില്ലെന്നാണ് ആര്യന്‍ വെളിപ്പെടുത്തി. അതേസമയം മൂന്ന് പെണ്‍കുട്ടികള്‍ ദില്ലിയില്‍ നിന്ന് ക്രൂയിസ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. ഇവരും കസ്റ്റഡിയിലാണ്. പ്രമുഖ ബിസിനസുകാരുടെ മക്കളാണ് ഇവര്‍.കഴിഞ്ഞ ദിവസം രാത്രിയാണ് എന്‍സിബി മുംബൈയിലെ കപ്പലില്‍ റെയ്ഡ് നടത്തിയത്. മൂന്ന് ദിവസത്തെ സംഗീത നിശയ്ക്കാണ് ഈ കപ്പലില്‍ ആര്യന്‍ അടക്കമുള്ളവര്‍ എത്തിയത്.
ബോളിവുഡ്, ഫാഷന്‍, ബിസനസ് മേഖലയില്‍ നിന്നുള്ളവര്‍ പ്രമുഖര്‍ ഈ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മുംബൈയില്‍ നിന്ന് ഈ കപ്പല്‍ പുറപ്പെട്ടത്. ഒക്ടോബര്‍ നാലിനായിരുന്നു തിരിച്ചെത്തേണ്ടിയിരുന്നത്. ആറ് സംഘാടകരെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. ഈ കപ്പലിലെ വിവിഐപി പട്ടികയില്‍ ഉള്ളവര്‍ക്ക് എന്‍ട്രി ഫീസ് നല്‍കേണ്ടി വരില്ലെന്നാണ് ആര്യന്‍ ഖാന്‍പറഞ്ഞിരിക്കുന്നത്. ബാക്കിയുള്ളവരില്‍ നിന്ന് ഒരു ലക്ഷം രൂപയാണ് എന്‍ട്രി ഫീസായി ഈടാക്കുന്നത്. എന്‍ട്രി ഫീസടച്ച പലരെയും കപ്പലില്‍ കയറ്റാന്‍ പോലും സംഘാടകര്‍ തയ്യാറായിരുന്നില്ല. അത്രയും ആളുകള്‍ ഈ കപ്പലില്‍ ഉണ്ടായിരുന്നു.
പിടിച്ചെടുത്ത മയക്കുമരുന്ന് ഒരുപാടുണ്ടെന്നാണ് എന്‍സിപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അറസ്റ്റിനുള്ള തെളിവുകള്‍ ശക്തമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മയക്കുമരുന്ന് ഉപയോഗത്തിനുള്ള റോളിംഗ് പേപ്പറുകളും ഈ ക്രൂയിസ് ഷിപ്പില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ചില യാത്രക്കാരുടെ ലഗേജുകളും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം ഒന്നിലേറെ ബോളിവുഡ് നടന്മാരുടെ മക്കള്‍അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആര്യന്‍ ഖാനെ കൂടാതെ മറ്റൊരാള്‍ ആരാണെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഒരു ബോളിവുഡ് നടനും അറസ്റ്റിലായവരില്‍ ഉണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടിലുണ്ട്.