മുംബൈ: മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ എന്‍സിബി അറസ്റ്റ് ചെയ്തു. സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് റിയ ചക്രബര്‍ത്തിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. റിയയുടെ സഹോദരന്‍ ഷൗവിക് ചക്രബര്‍ത്തി നേരത്തെ അറസ്റ്റിലായിരുന്നു. താന്‍ ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്ത് സിങിന്റെ ആവശ്യപ്രകാരമാണ് കഞ്ചാവ് വാങ്ങിച്ചതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് റിയ മൊഴി നല്‍കിയിട്ടുള്ളത്. താന്‍ നേരിട്ട് ലഹരികടത്തുകാരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സഹോദരനോടും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്റയോടും ആവശ്യം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ചോദ്യം ചെയ്യലില്‍ റിയ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
റിയ ചക്രബര്‍ട്ടിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്ത വാട്ട്സ്ആപ്പ് ചാറ്റുകളെ അടിസ്ഥാനമാക്കിയാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചത്. സുശാന്ത് സിങ് രാജ്പുതിന്റെ പിതാവ് കെ.കെ സിംഗ് നല്‍കിയ പരാതിയിലാണ് നടി റിയ ചക്രബര്‍ത്തി അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്. സിബിഐയാണ് സുശാന്തിന്റെ മരണത്തില്‍ അസ്വാഭാവികത ഉണ്ടോയെന്ന് അന്വേഷിക്കുന്നത്. സുശാന്തിന്റെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റെ ഡയറക്ടറേറ്റും മയക്കുമരുന്ന് ബന്ധം നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും അന്വേഷിക്കുന്നു.