നടി റിയ ചക്രബര്‍ത്തിയുടെ വീട്ടില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡ് . ഇന്ന് പുലര്‍ച്ചെയോടെയാണ് എന്‍.സി.ബി നടിയുടെ മുംബയിലെ വസതിയിലെത്തിയത്. നടന്‍ സുശാന്ത് സിംഗ് രാജ്പുത്ത് മരണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിനിടെ, കാമുകിയായ റിയയ്ക്ക് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തുന്നത്.
നേരത്തെ എന്‍.സി.ബി അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരന്‍ സയിദ് വിലത്രയ്ക്ക് റിയയുടെ സഹോദരന്‍ ഷോവിക്ക് ചക്രവര്‍ത്തിയുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സുശാന്ത് സിംഗിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡയ്ക്കും സയിദ് കഞ്ചാവ് വിതരണം ചെയ്തുവെന്ന് ഏജന്‍സി വൃത്തങ്ങള്‍ വ്യക്തമാക്കി. സാമുവലിന്റെ വസതിയിലും എന്‍.സി.ബി പരിശോധന നടത്തി.