മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകൾ തകർന്ന് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകള്‍ ഒടിഞ്ഞ് ഗുരുതരമായി പരിക്കേറ്റ പിതാവ് മരിച്ചു. കറുകച്ചാല്‍ ശാന്തിപുരം റൈട്ടന്‍കുന്ന് ചക്കുങ്കല്‍ കൊച്ചൂട്ടി എന്ന് വിളിക്കുന്ന ജോണ്‍ ജോസഫ് (65) ആണ് മരിച്ചത്. ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണം. കറുകച്ചാല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മകന്‍ ജോസി ജോണിനെ (37) കോടതി റിമാന്‍ഡ് ചെയ്തു.

ഞായറാഴ്ച രാവിലെ 11നായിരുന്നു ക്രൂരമായ മര്‍ദനത്തിന് ഇരയായത്. മദ്യപിച്ചെത്തിയ ജോസി അച്ഛനെയും തടയാനെത്തിയ അമ്മ അന്നമ്മ (62)യെയും മര്‍ദിച്ചെന്നാണ് പൊലീസ് കേസ്.

ജോണിനെ കട്ടിലില്‍ നിന്നു വലിച്ച്‌ നിലത്തിട്ട് വയറില്‍ ചവിട്ടുകയായിരുന്നു. ജോണിന്റെ ആറുവാരിയെല്ലുകള്‍ ചവിട്ടേറ്റ് ഒടിഞ്ഞു. ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റു. രക്തസ്രാവവുമുണ്ടായി. ഉടന്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല.