കൊവിഡിന് എതിരെ കൊവിഷീൽഡ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകുന്നതിന്, നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡ്രഗ്സ് റഗുലേറ്ററുടെ അനുമതി തേടി. കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇന്ത്യയിൽ ബൂസ്റ്റർ ഡോസിന് അനുമതി തേടുന്ന ആദ്യ കമ്പനിയാണ് സെറം ഇൻസറ്റിറ്റിയൂട്ട്.
ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യത്തിൽ ഇന്ത്യ നയപരമായ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തിൽ ശാസ്ത്രീയ തെളിവുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സർക്കാർ പാർലമെന്റിനെ അറിയിച്ചത്. രോഗപ്രതിരോധത്തിനുള്ള ദേശീയ സാങ്കേതിക ഉപദേശക സംഘവും കൊവിഡ് വിദഗ്ധ സമിതിയുമാണ് പരിശോധന നടത്തുക.
ഒമൈക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ ബൂസ്റ്റർ ഡോസ് പരിഗണിക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാൻ, ചത്തിസ്ഗഢ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് ആവശ്യം മുന്നോട്ടുവച്ചിട്ടുള്ളത്. ബൂസ്റ്റർ ഡോസ് പരിഗണിക്കണമെന്ന നിലപാടിലാണ് കേരളവും.