ജൂണിൽ കൊവിഷീൽഡ് വാക്‌സിന്റെ പത്ത് കോടി ഡോസുകൾ വരെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാൻ കഴിയുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്. വിവിധ സംസ്ഥാനങ്ങൾ വാക്‌സിൻ ക്ഷാമത്തെ കുറിച്ച് പരാതി പറയുന്ന സാഹചര്യത്തിലാണ് സെറത്തിന്റെ പ്രതികരണം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലാണ് വാക്‌സിൻ ഉത്പാദനം വർധിപ്പിക്കുമെന്ന് വ്യക്തമാക്കിയത്.
നിലവിലെ ഉത്പാദന ശേഷിയായ ആറര കോടിയിൽ നിന്ന് ഉത്പാദനം പത്ത് കോടി ഡോസുകളായി വർധിപ്പിക്കുമെന്നാണ് വാഗ്ദാനം. കൊവിഡ് സാഹചര്യത്തിലും ജീവനക്കാർ 24 മണിക്കൂറും ജോലി ചെയ്യുകയാണെന്ന് കമ്പനി പറയുന്നു. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകിയതിന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അമിത് ഷായ്ക്ക് നന്ദി അറിയിച്ചു.