കല്‍പ്പറ്റ :വയനാട് ലോകസഭ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത് /മുന്‍സിപ്പാലിറ്റികള്‍ക്കും രാഹുല്‍ ഗാന്ധി എം. പി യുടെ കോവിഡ് 19 ഹെല്പ് ഡെസ്‌ക്ക് വഴി പള്‍സ് ഓക്‌സി മീറ്ററുകള്‍ വിതരണം ചെയ്തു,1500 പള്‍സ് ഓക്‌സി മീറ്ററുകളാണ് എം. പി മണ്ഡലത്തില്‍ വിതരണം ചെയ്യുന്നത്.വയനാട് ജില്ലാതല വിതരണത്തിന്റെ ഉദ്ഘാടനം കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കോയംത്തൊടി മുജീബിന് നല്‍കി കൊണ്ട് വയനാട് ഡി സി സി പ്രസിഡണ്ട് ഐ സി ബാലകൃഷ്ണന്‍ എം. എല്‍.എ. നിര്‍വഹിച്ചു.വയനാട് മണ്ഡലത്തില്‍ കോവിഡ് പോസിറ്റീവായി കഴിയുന്ന രോഗികള്‍ക്ക് സൗജന്യമായി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിനും മറ്റ് സഹായങ്ങള്‍ക്കും വേണ്ടി എം. പി യുടെ കല്‍പ്പറ്റ, മുക്കം ഓഫിസുകള്‍ കേന്ദ്രീകരിച്ചു ഹെല്പ് ഡെസ്‌ക്കിന്റെ പ്രവര്‍ത്തനം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുണ്ടായിരുന്ന മലപ്പുറം ജില്ലയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ പ്ലാന്റ് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ സഹായത്തോടെ നടപ്പിലാക്കാന്‍ തീരുമാനിച്ചത് പിന്നീട് മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്ന സാഹചര്യം വന്നപ്പോള്‍ രാഹുല്‍ ഗാന്ധി എം.പി ഇടപെട്ട് കേന്ദ്ര ഗതാഗത & ഹൈവേവകുപ്പ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരിക്കും ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്‍ദനും കത്ത് അയച്ചിരുന്നു. കോവിഡ് 19 ഒന്നാം തരംഗ കാലത്തും എം. പിയുടെ സഹായം മണ്ഡലത്തില്‍ എത്തിയിരുന്നു, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എം. പി ഫണ്ടില്‍ നിന്ന് 2 കോടി 45 ലക്ഷം രൂപ അനുവദിച്ചതിന് പുറമേ മണ്ഡലത്തിലെ കരള്‍ /വൃക്ക രോഗികള്‍ക്ക് മരുന്നും ഡയാലിസിസ് കിറ്റുകളും എം. പി സൗജന്യമായി നല്‍കിയിരുന്നു, അതോടൊപ്പം മണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി കളില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യധാന്യങ്ങളും മറ്റും വിതരണം ചെയ്തിരുന്നു. യുഡിഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ കരീം, , റസാഖ് കല്‍പ്പറ്റ, അഡ്വ റ്റി.ജെ ഐസക്ക്, വി.എ മജീദ്, അജിത കെ. മുസ്തഫ എ പി, ബിനു തോമസ്, കെ.കെ രാജേന്ദ്രന്‍, ലത്തീഫ് എം. എന്നിവര്‍ സംബന്ധിച്ചു.
The Best Online Portal in Malayalam