പൂനെ: സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന വാക്സിന് അടിയന്തര ലൈസൻസ് ലഭ്യമാക്കാൻ ശ്രമം നടത്തിവരികയാണെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി. ഓക്‌സ്ഫഡ് വാക്‌സിൻ നിർമാണത്തിന് തയ്യാറെടുക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തിയതിനു ശേഷമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ആദാർ പൂനാവാല ഇക്കാര്യം പറഞ്ഞത്.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന ഓക്‌സഫഡ് വാക്‌സിന്റെ സവിശേഷതകൾ സംബന്ധിച്ച് പ്രധാനമന്ത്രിയോട് വിശദീകരിച്ചതായി പൂനാവാല പറഞ്ഞു. വാക്‌സിൻ വിതരണം സംബന്ധിച്ചും അദ്ദേഹവുമായി സംസാരിച്ചു. ഇന്ത്യയിലായിരിക്കും വാക്‌സിൻ ആദ്യം വിതരണം നടത്തുക. പിന്നീടായിരിക്കും മറ്റു രാജ്യങ്ങളിൽ വിതരണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
കൂടിയതോതിലുള്ള വാക്‌സിൻ നിർമാണത്തിന് വലിയ നിർമാണ സൗകര്യങ്ങൾ ഒരുക്കിയതായി പൂനാവാല വ്യക്തമാക്കി. വാക്‌സിൻ ഉത്പാദനം സംബന്ധിച്ച വിവരങ്ങൾ ഡ്രഗ് കൺട്രോളർക്ക് സമർപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഓക്‌സ്ഫഡിൽ നടക്കുന്ന വാക്‌സിൻ പരീക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇതിന്റെ പുരോഗതിയെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഷീൽഡ് എന്ന പേരിലായിരിക്കും വാക്‌സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുക.ആദ്യഘട്ടത്തിൽ ജനുവരി-ഫെബ്രുവരി മാസത്തോടെ 10-15 ദശലക്ഷം ഡോസ് വാക്‌സിനുകൾ ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഏപ്രിൽ-മേയ് മാസത്തോടെ നൂറ് ദശലക്ഷത്തിനു മേൽ ഡോസുകൾ ഉത്പാദിപ്പിക്കാനാകും. ജൂൺ ജൂലായ് മാസത്തോടെ 200-300 ദശലക്ഷം വാസ്‌കിനുകളാണ് ഇന്ത്യയ്ക്ക് വേണ്ടിവരികയെന്നും പൂനാവാല പറഞ്ഞു.

 
                         
                         
                         
                         
                         
                        
