പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് സേതുരാമയ്യര്‍ സിബിഐ യുടെ അഞ്ചാം പതിപ്പിനായി കാത്തിരിക്കുന്നത്. മമ്മൂട്ടി എസ് എൻ സ്വമി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ സിനിമയുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് അതിയായ താൽപര്യമാണ്. ഇപ്പോഴിത ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.
1988 ൽ പുറത്ത് ഇറങ്ങിയ ഒരു സിബിഐ ഡയറി കുറിപ്പിലൂടെയാണ് സിബിഐ സീരീസ് ആരംഭിക്കുന്നത്. ഈ ചിത്രം വൻ വിജയമായിരുന്നു. ഇതിന് പിന്നാലെ ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ സിനിമകളും എത്തുകയായിരുന്നു. പുറത്ത് ഇറങ്ങിയ ചിത്രങ്ങളെല്ലാം വൻ വിജയവമായിരുന്നു . ചിത്രങ്ങളും ഈ വിജയം തന്നെയാണ് അഞ്ചാംഭാഗത്തിന് വേണ്ടിയുള്ള പ്രേക്ഷകരുടെ പ്രതീക്ഷ കൂട്ടുന്നതും.
സിനിമയുമായി ബന്ധപ്പെട്ട് പുതിയ വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് നവംബര്‍ 29 ന് തുടങ്ങുകയാണ് എന്നാണ് ഏറ്റവും പുതിയ വിവരം. കൂടാതെ ഡിസംബർ 10ന് മെഗാസ്റ്റാർ മമ്മൂട്ടി ലൊക്കേഷനിൽ എത്തുമെന്നു റിപ്പോർട്ടിൽ പറയുന്നുണ്ട്. കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് എസ് എൻ സ്വാമി തന്നെയാണ് . സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍. സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനാണ്.
കൂടാതെ ചിത്രത്തിലെ താരങ്ങളെ കുറിച്ചും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ചിതരത്തിൽ രമേഷ് പിഷാരടിയും, ദിലീഷ് പോത്തനും ലിജോ പെല്ലിശ്ശേരിയും ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. നേരത്തേ തന്നെ സായികുമാര്‍, രഞ്ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ പേരുകളും ചിത്രത്തിന്റെ കാസ്റ്റിങ്ങിനൊപ്പം പ്രഖ്യാപിച്ചിരുന്നു. ഇത്തവണ സിബിഐ ടീമിൽ രണ്ട് ലേഡി ഓഫീസേഴ്സാകും സേതുരാമയ്യർക്കൊപ്പം ഉണ്ടാകുക എന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ അത് ആരൊക്കെ ആകും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അതിലൊരാൾ ആശാ ശരത്ത് ആകുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
ക്രൂരമായ കൊലപാതകങ്ങളുടെ രഹസ്യമഴിക്കാന്‍ സേതുരാമയ്യര്‍ വീണ്ടും എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ബാസ്‌ക്കറ്റ് കില്ലിങ്ങിലൂടെയാണ് സിനിമയുടെ കഥ വികാസിക്കുന്നതെന്നും എസ്എൻ സ്വാമി നേരത്തെ പറഞ്ഞിരുന്നു. സിനിമയുടെ ക്ലൈമാക്‌സിന് വേണ്ടിയാണ് കൂടുതല്‍ സമയം എടുത്തതെന്നും തിരക്കഥാകൃത്ത് മുൻപ് കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതുവരെയുളള സിബിഐ ചിത്രങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നതാണ് പുതിയ സിനിമയുടെ ക്ലൈമാക്‌സ്. അതുകൊണ്ട് തന്നെ എല്ലാതരത്തിലും ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് തന്നെയാണ് എന്റെ വിശ്വാസമെന്നും എസ് എന്‍ സ്വാമി അഭിമുഖത്തില്‍ വ്യക്തമാക്കി.
അഞ്ചാം ഭാഗം ക്രൂരമായ ജീവനൊടുക്കലുകളുടെ ഉളളറകളിലേക്ക് ആഴത്തിലിറങ്ങുന്ന ഇന്‍വെസ്റ്റിഗേഷനാണ് അവതരിപ്പിക്കുക. ഇതുവരെ കണ്ടിട്ടില്ലാത്ത കൊലപാതക രീതികളാകും ചിത്രത്തിലേതെന്നും അറിയുന്നു. ബുദ്ധിതന്ത്രങ്ങളുടെ ചതുരംഗക്കളികള്‍ തന്നെയാകും ചിത്രത്തിന്റെ മികവെന്നും സംവിധായകന്‍ കെ മധു വൃക്തമാക്കിയിരുന്നു. കൂടാതെ ഇത് സിബിഐ സീരിസിലെ അവസാന പതിപ്പാണെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്.