മലയാള സിനിമയില്‍ ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധിക്കുന്ന താരമാണ് ടൊവിനോ തോമസ്. വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ടൊവിനോയെ കടത്തി വെട്ടിയിരിക്കുകയാണ് താരത്തിന്റെ അച്ഛന്‍.
മസില്‍ പെരുപ്പിച്ച് ടൊവിനോയ്‌ക്കൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന അച്ഛന്‍ അഡ്വ. ഇ.ടി തോമസിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ”അച്ഛന്‍, മാര്‍ഗദര്‍ശി, ഉപദേശകന്‍, പ്രചോദകന്‍, തീരുമാനങ്ങള്‍ എടുക്കുന്നയാള്‍, എന്റെ വര്‍ക്കൗട്ട് പങ്കാളി.. നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന എക്‌സ്ട്രാ മസില്‍ 2016-ല്‍ ഘടിപ്പിച്ച പേസ് മേക്കറാണ്. പക്ഷേ അതിന് ശേഷവും അദ്ദേഹം ഫിറ്റ്‌നസില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല” എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അപ്പന്‍ വന്ന് പൊളി മാന്‍ എന്നാണ് നടന്‍ പൃഥ്വിരാജിന്റെ കമന്റ്. വളരെ പ്രചോദനമായിരിക്കുന്നു എന്നാണ് ഗീതു മോഹന്‍ദാസിന്റെ കമന്റ്. അച്ഛന്‍ ബോഡി ബില്‍ഡറാണോ എന്നാണ് നടി മംമ്തയുടെ സംശയം. അച്ഛന്‍ അഭിഭാഷകനും കര്‍ഷകനുമാണ്, വര്‍ക്കൗട്ട് ചെയ്ത് മസില്‍ പെരുപ്പിച്ചതെന്നും ടൊവിനോ മറുപടിയും നല്‍കി.
നേരത്തെ അച്ഛന്റെ ചിത്രം പങ്കുവെച്ച് ‘ബ്രേക്കിംഗ് ബാഡ്’ ടെലിവിഷന്‍ സീരിസിലെ വാര്‍ട്ടര്‍ വൈറ്റ് സ്റ്റൈല്‍ എന്ന് ടൊവിനോ കുറിച്ചിരുന്നു. ബ്രെയ്ന്‍ കാസ്റ്റണ്‍ അവതരിപ്പിച്ച കഥാപാത്രത്തെ പോലെ മൊട്ടയടിച്ചുള്ള ചിത്രമാണ് ടൊവിനോ പങ്കുവെച്ചത്.